Join News @ Iritty Whats App Group

ഗാസ ആശുപത്രി സ്‌ഫോടനം: സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാത്രിയുണ്ടായ വലിയ സ്‌ഫോടനത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ഹമാസ് ഇസ്രയേല്‍ വ്യോമാക്രമണത്തെ കുറ്റപ്പെടുത്തിയെങ്കിലും ഇസ്രയേല്‍ സൈന്യം ഇത് നിഷേധിച്ചു. പലസ്തീന്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റിവീണതാണെന്ന് ഇസ്രായേല്‍ ആരോപിച്ചു.

നിലവില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം മൂലമുള്ള മരണങ്ങള്‍ ഗൗരവതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവം ഞെട്ടലുണ്ടാക്കി. ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂര്‍വം അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം,”പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ നിരവധി പേരാണ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത്. ഇതുവരെയുള്ള അഞ്ച് ഗാസ യുദ്ധത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ട യുദ്ധം കൂടിയാണിത്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 2778 പേര്‍ കൊല്ലപ്പെട്ടതായും 9700 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഗാസ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

സ്‌ഫോടനങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുറഞ്ഞത് 1200 പേര്‍ മരിച്ചും ജീവനോടെയും കുടുങ്ങി കിടക്കുന്നുണ്ടാകാമെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലില്‍ 1400 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, കുട്ടികളുള്‍പ്പടെ 199 പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുണ്ട്.

സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനും പലസ്തീനിലുള്ളവര്‍ക്ക് സഹായം എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള അടിയന്തര ദൗത്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലെത്തി.

Post a Comment

أحدث أقدم
Join Our Whats App Group