Join News @ Iritty Whats App Group

തോന്നിയപോലെ വേണ്ട, ക്രെഡിറ്റ് സ്കോറില്‍ ആര്‍ബിഐ ഇടപെടല്‍; വായ്‍പ ഇനി എളുപ്പം

വായ്പ പൂര്‍ണമായും അടച്ചു കഴിഞ്ഞിട്ടും ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു തന്നെ നില്‍ക്കുന്ന സംഭവങ്ങളില്‍ ഇടപെടലുമായി റിസര്‍വ് ബാങ്ക്. വായ്പ അടച്ചു കഴിഞ്ഞ വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കുന്നതില്‍ വരുന്ന പാളിച്ച കാരണമാണ് പലരുടേയും ക്രെഡിറ്റ് സ്കോര്‍ പുതുക്കാന്‍ വൈകുന്നത്. ക്രെഡിറ്റ് സ്കോറും റിപ്പോര്‍ട്ടും സംബന്ധിച്ച പരാതികള്‍ കൃത്യമായി പരിഹരിക്കുന്നത് വൈകിയാല്‍ പരാതിക്കാരന് ഓരോ ദിവസവും 100 രൂപ വീതം പിഴ നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ 24 മുതല്‍ ആയിരിക്കും ഈ സംവിധാനം നിലവില്‍ വരിക. മൂന്നാഴ്ചയ്ക്കുള്ളില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ബാങ്കുകളായിരിക്കും നഷ്ട പരിഹാരം നല്‍കേണ്ടത് . ഇതിന് പുറമേ വര്‍ഷത്തിലൊരിക്കല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന സൗജന്യ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉപഭോക്താവിന് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ 

വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വായ്പാ വിവരങ്ങള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച് അവ സൂക്ഷിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ . സിബില്‍, സിആര്‍ഐഎഫ്, ഇക്വിഫാക്സ്, എക്സീരിയന്‍ എന്നിവയാണ് രാജ്യത്തെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍. വായ്പ എടുക്കുന്നതിനോ, ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നതിനോ അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകള്‍ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന സ്കോര്‍ പരിഗണിക്കും. അതനുസരിച്ചാണ് വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിന്‍മേല്‍ തീരുമാനമെടുക്കുന്നത്. ഒരു ഉപഭോക്താവിന് അവരുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ താരതമ്യേന ആകർഷകമായ നിരക്കിൽ വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ - ഒരുപക്ഷെ മുൻകാല വായ്പകളിലെ കുടിശിക കാരണം - അവർക്ക് വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിച്ചേക്കില്ല.

Post a Comment

أحدث أقدم
Join Our Whats App Group