ടെല്‍ അവീവ്: ഇസ്രായേലിലെ അഷ്കിലോണിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റത് നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ. കണ്ണൂർ പയ്യാവൂർ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) ജോലി സ്ഥലത്തുവച്ച് ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി മിസൈൽ പതിച്ചത്.
ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും ബന്ധുക്കൾ മാധ്യമങ്ങളോട്പറഞ്ഞു. ഷീജയുടെ സുഹൃത്തുക്കളാണ് വിവരം നാട്ടിൽ അറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഷീജയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും കുടുംബം അറിയിച്ചു. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ ജോലി ചെയ്യുന്നത്. മിസൈൽ ആക്രമണത്തിൽ ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.
إرسال تعليق