തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സത്യം പുറത്തുവരണമെന്ന് അച്ഛൻ കെസി ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട്.
ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട നടപടിയുടെ പശ്ചാത്തലത്തിലാണ് അച്ഛൻ ഉണ്ണിയുടെ പ്രതികരണം. ഇദ്ദേഹത്തിന്റെ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബാലഭാസ്കറിന്റെ അപകട മരണത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു എന്നും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു, അത് മരണത്തിലേക്ക് വഴി വെച്ചിരിക്കാമെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബാലഭാസ്കറിന്‍റേത് അപകടമരണമെന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്. 2018 സെപ്റ്റംബർ 25 ന് തിരുവനന്തപുരം പളളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും അപകടമരണമെന്നായിരുന്നു കണ്ടെത്തിയത്.
പുലർച്ചേ മൂന്നരയോടെ അമിത വേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരിത്തിലിടിച്ചെന്നും മരണം സംഭവിച്ചെന്നുമായിരുന്നു കണ്ടെത്തൽ. എന്നാൽ അപകടമരണമല്ലെന്നും സംഭവത്തിനു പിന്നിൽ ഗുഢാലോചനയുണ്ടെന്നും പരിശോധിക്കണമെന്നും ബാലഭാസ്കറിന്‍റെ പിതാവ് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സംഭവം നടക്കുന്ന സമയം അജ്ഞാതരായ ചിലരുടെ സാന്നിധ്യം കണ്ടെന്ന മൊഴിയടക്കം സംശയങ്ങൾക്ക് ആക്കം കൂട്ടി.
എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പിതാവ് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന് തുടരന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനാണ് നിർദേശം. അപകടമരണമാണെന്ന സിബിഐ മുൻ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്.
إرسال تعليق