Join News @ Iritty Whats App Group

'ദേവഗൗഡയിൽ' പ്രതിസന്ധിയിലായി ജെഡിഎസ്, ആഭ്യന്തര കലഹം; ബിജെപി വിരുദ്ധ നേതാക്കളെ സംഘടിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : ദേവഗൗഡയുടെ ആരോപണത്തോടെ പ്രതിസന്ധിയിലായ ജെ ഡി എസ് കേരളാഘടകം പ്രശ്നപരിഹാരത്തിനായി നീക്കങ്ങള്‍ സജീവമാക്കി. കര്‍ണാടകയടക്കം സംസ്ഥാനങ്ങളിലെ ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാക്കളെ സംഘടിപ്പിക്കലാണ് പ്രധാനമായും ചെയ്യുന്നത്. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും മകന്‍ കുമാരസ്വാമിയും ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്ലീനം വിളിച്ച് ചര്‍ച്ച ചെയ്തെടുക്കേണ്ട തീരുമാനമാണ് അവര്‍ ഒറ്റക്കെടുത്തത്. ഇതില്‍ കേരള ഘടകം നേതാക്കളെ പോലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പുണ്ട്. 

ദേശീയ ഭാരവാഹികളായ നീലലോഹിതദാസ നാടാര്‍, ജോസ് തെറ്റയില്‍, സി കെ നാണു എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ മുന്നോട്ട് വക്കുന്നത്. ഒന്നുകില്‍ ദേശീയ അധ്യക്ഷനെയും കൂട്ടരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി തങ്ങളാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുക. അല്ലെങ്കില്‍ ബി ജെ പി വിരുദ്ധരുടെ പുതിയ പാര്‍ട്ടിയുണ്ടാക്കുക. 

ആരൊക്കെ എവിടെയൊക്കെ പോയാലും തങ്ങളുടെ ഇടത് മതേതര നിലപാടില്‍ സിപിഎം നേതൃത്വത്തിന് സംശയമേയില്ലെന്ന് കേരളഘടകം നേതാക്കള്‍ പറയുന്നു. പുതിയ സംവിധാനത്തിന് അവര്‍ സമയം നല്‍കിയിട്ടുമുണ്ട്. ചര്‍ച്ചകള്‍ക്കിടെ ദേവഗൗ‍‍ഡ ആരോപണമുന്നയിച്ചത് കേരള നേതാക്കള്‍ക്ക് തിരിച്ചടിയായെങ്കിലും കൃത്യമായി ഇടപെട്ട് വിശ്വാസയോഗ്യമായ കാര്യം പറഞ്ഞുവെന്നാണ് അവരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ തങ്ങളുടെ മതേതര വിശ്വാസം ആദ്ദേഹം എടുത്ത് പറയുകയും ചെയ്തു. ദേവഗൗഡ ചില തിരുത്തലുകള്‍ നടത്തിയെങ്കിലും തങ്ങള്‍ എവിടെയാണെന്ന ആശയക്കുഴപ്പം വൈകാതെ പരിഹരിക്കാനാണ് ജെ ഡി എസ് കേരളഘടകത്തിന്‍റെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group