Join News @ Iritty Whats App Group

'അവര്‍ എന്നെ പരിചരിക്കുന്നു, ചികിത്സ നല്‍കി, ഞാന്‍ ഓകെയാണ്': ഇസ്രയേല്‍ യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഗാസ: ഇസ്രയേല്‍ - ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍ ആദ്യമായി ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്. 

ഗാസ അതിർത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്‌ഡെറോറ്റാണ് തന്‍റെ സ്വദേശമെന്ന് മിയ വീഡിയില്‍ പറഞ്ഞു. മിയയുടെ കയ്യില്‍ ആരോ ബാന്‍ഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നടത്തിയതായി മിയ പറഞ്ഞു.

"അവർ എന്നെ പരിചരിക്കുന്നു. അവർ എനിക്ക് ചികിത്സയും മരുന്നും നല്‍കുന്നു. എല്ലാം ഓകെയാണ്. എന്റെ വീട്ടിലേക്ക്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം അവിടെയെത്തിക്കുക"- ഇസ്രയേലി യുവതി ആവശ്യപ്പെട്ടു.

ഹമാസ് ബന്ദികളാക്കിയവരില്‍ മിയ ഉണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. മിയയുടെ കുടുംബവുമായി ബന്ധപ്പെട്ടു. മിയ ഉൾപ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു.

"ഹമാസ് പുറത്തുവിട്ട വീഡിയോയിൽ, അവർ തങ്ങളെത്തന്നെ മനുഷ്യത്വമുള്ളവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. പക്ഷെ അവർ കുഞ്ഞുങ്ങളെയും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയുമെല്ലാം കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഭീകര തീവ്രവാദ സംഘടനയാണ്". ഇസ്രയേല്‍ പ്രതിരോധ സേന സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. 

സൂപ്പർനോവ സുക്കോട്ട് സംഗീത പരിപാടിക്കിടെയാണ് ഹമാസിന്‍റെ ആക്രമണം ഉണ്ടായത്. ആ സംഗീത പരിപാടിക്കെത്തിയ 260 പേർ കൊല്ലപ്പെട്ടു. മിയ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കുകയായിരുന്നു. മിയയെ സുരക്ഷിതയായി കാണുന്നതിൽ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. ഇസ്രയേല്‍ - ഫ്രഞ്ച് പൌരയാണ് മിയ.

Post a Comment

أحدث أقدم
Join Our Whats App Group