ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിക്കടുത്ത് പുതിയങ്ങാടി, പരിപ്പുതോട് മേഖലകളിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നാശം വരുത്തി. ഒരു മാസത്തിനിടയിൽ മൂന്നാം തവണയാണ് മേഖലയിൽ കാട്ടാന കൂട്ടം എത്തി നാശം വരുത്തുന്നത്. പ്രദേശത്തെ കൊച്ചുപുരയ്ക്കൽ മുഹമ്മദിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. തെങ്ങ്, കമുക് , വാഴ, ചേന, കപ്പ തുടങ്ങിയ കാർഷിക വിളകൾ പാടേ നശിപ്പിച്ചു.
ആറളം ഫാമിൽ നിന്നും കക്കുവാ പുഴ കടന്ന് എത്തുന്ന ആനകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പരിപ്പുതോട് പുതിയങ്ങാടി മേഖലകളിൽ വ്യാപകമായി കൃഷി നാശം വിതക്കുകയാണ് . ആനയുടെ ശല്യം അധികരിച്ചതോടെ കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്ന് ജനകീയ പങ്കാളിത്തത്തോടെ തൂക്ക് വേലി നിർമ്മിക്കാൻ കമ്മറ്റി രൂപീകരിച്ചിരുന്നു. വനം വകുപ്പിനെ വിവരം അറിയിച്ചാലൂം കൃഷി നാശം സംഭവിച്ച കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്. ബാങ്കുകളിൽ നിന്നും വായ്പ എടുത്തു കൃഷിചെയ്യന്ന കർഷകന്റെ വിളകൾ നശിച്ചാൽ വർഷങ്ങൾക്ക് ശേഷം ലഭിക്കുന്നതാകട്ടെ വളരെ തുച്ഛമായ തുകയാണ്. മുണ്ടുപറമ്പിൽ കുട്ടപ്പന്റെയും, കൂറ്റാരപള്ളിൽ ജോസഫിന്റെ കൃഷിയിടത്തിലും ആനകൾ കഴിഞ്ഞ ദിവസം കൃഷികൾ നശിപ്പിച്ചിരുന്നു.
إرسال تعليق