വസ്ത്ര സ്വാതന്ത്ര്യം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും ആരും അതിലേക്ക് കടന്നുകയറുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണ് മലപ്പുറത്തെ മുസ്‌ളീം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിക്കുന്നതെന്ന സി പി എം നേതാവ് അഡ്വ. കെ അനില്‍കുമാറിന്റെ പ്രസ്താവനക്ക് മറുപടിയായാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.ഒക്ടോബര്‍ 1 ന് സ്വതന്ത്ര ചിന്തകരുടെ പ്രമുഖ സംഘടനയായ എസന്‍സ് ഗ്‌ളോബല്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്തിയ ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സി പി എമ്മിനെ പ്രതിനിധീകരിച്ച് സംസാരിക്കവേയാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ അഡ്വ കെ അനില്‍കുമാര്‍ ഈ വിവാദ പ്രസ്താവന നടത്തിയത്.
അനില്‍കുമാര്‍ നടത്തിയ പ്രസ്താവന അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്ന് ആവര്‍ത്തിച്ചു. അനില്‍കുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആര് ഉറച്ച് നിന്നാലും സി പി എമ്മിന്റെ നിലപാടാണ് താന്‍ പറഞ്ഞതെന്നും അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി .
എ വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ
‘യുക്തിവാദി സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ അതില്‍ ഒരുഭാഗത്ത് മുസ്‌ലിം തട്ടധാരണവുമായി ബന്ധപ്പെട്ട് പറയുകയുണ്ടായി. മുമ്പ് ഹിജാബ് വിവാദം വന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ല. അത് കൊണ്ട് അനില്‍കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരുപരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതല്ല. അദ്ദേഹത്തിന്റെത് വലിയ ഒരു പ്രസംഗമാണ്. അത് എല്ലാം അനുചിതമാണെന്ന് പറയാനാവില്ല. (തട്ടത്തെക്കുറിച്ചുള്ള) ആ ഭാഗം മാത്രം അനുചിതമാണ്’
ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും സി പി എം തട്ടവിവാദത്തില്‍ നിന്നും തലയൂരിയിരിക്കുകയാണ്. മുസ്‌ളം ലീഗും മറ്റു സി പി എം വിരുദ്ധ മുസ്‌ളീം സംഘടകളും ഈ വിഷയം വലിയ വിവാദമാക്കി വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു.
إرسال تعليق