Join News @ Iritty Whats App Group

കേളകം രാമച്ചിയില്‍ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു;തണ്ടര്‍ബോള്‍ട് വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി


കണ്ണൂര്‍:കേളകം ഗ്രാമപഞ്ചായതിലെ ശാന്തിഗിരിയിലെ രാമച്ചിയില്‍ എത്തിയത് സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ പൊലീസും തണ്ടര്‍ബോള്‍ടും രാമച്ചിയിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

രാമച്ചിയിലെ ആംബുലന്‍സ് ഡ്രൈവര്‍ സനൂപിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴു മണിയോടെ ആയുധധാരികളായ അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ എത്തിയ ഉടന്‍ ഭക്ഷണം ആവശ്യപ്പെടുകയും, അത് കഴിക്കുകയും ചെയ്തു. രണ്ടു മൊബൈല്‍ ഫോണും, ഒരു പവര്‍ ബാങ്കും, ഒരു ലാപ് ടോപും ചാര്‍ജ് ചെയ്ത സംഘം രാത്രി 10.45 ഓടെ കാട് കയറുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഘത്തില്‍ സിപി മൊയ്തീന്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എകെ 47 തോക്കും, റിവോള്‍വറും ഉള്ളതായും, ഭയന്നു പോയതായും വീട്ടുകാര്‍ പറഞ്ഞു.

ഇവര്‍ വന്ന സമയം സനൂപിന്റെ അച്ഛന്‍ സണ്ണിയും, സനൂപിന്റെ ഭാര്യ നമിതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം വീടുകളിലും എത്തിയതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയിലായി. ഇരിട്ടി, മട്ടന്നൂര്‍, ആറളം, മുഴക്കുന്ന്, പേരാവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപോര്‍ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപോര്‍ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്ബടിച്ചിരിക്കുന്നുവെന്ന് റിപോര്‍ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ ഉണ്ടെന്നാണ് റിപോര്‍ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപോര്‍ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. സംഭവത്തില്‍ ചീഫ് സെക്രടറിയോട് മുഖ്യമന്ത്രി റിപോര്‍ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര യോഗം ചേരുമെന്നും റിപോര്‍ടുണ്ട്.

2021ല്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം സംസ്ഥന ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപോര്‍ട്.

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനത്തിലേക്ക് പോയാല്‍ ഇവരുടെ സുരക്ഷയടക്കം കൂടുതല്‍ ഉറപ്പ് വരുത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും ഇന്റലിജന്‍സ് റിപോര്‍ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആറ് മലയോര പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group