Join News @ Iritty Whats App Group

ലാപ്ടോപ്പും മൊബൈലും ചാര്‍ജ് ചെയ്തു, പത്രങ്ങ‌ൾ വാങ്ങി മടങ്ങി; തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി


മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് ഏഴരോയെടയാണ് ആയുധധാരികളാണ് അഞ്ചുപേരെത്തിയത്. കഴിഞ്ഞ ദിവസം കമ്പമല വന്ന് കെഎഫ്ഡിസി ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. രാത്രി ഏഴരയോടെയാണ് സംഘം വീട്ടിലെത്തിയതെന്ന് ജോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാത്രി പത്തുവരെ വീട്ടില്‍ ചിലവഴിച്ചു. ലാപ്ടോപ്പും മൊബൈലും ചാർജ്ജ് ചെയ്തു. കമ്പമല ആക്രമണവുമായി ബന്ധപ്പെട്ട പത്രങ്ങൾ വീട്ടുകാരിൽ നിന്നും വാങ്ങി. ഇതിനുശേഷം പതിവുപോലെ ഭക്ഷ്യസാധനങ്ങൾ വീട്ടുകാരിൽ നിന്ന് വാങ്ങിയ ശേഷമാണ് അഞ്ചംഗ മാവോയിസ്റ്റുകള്‍ സ്ഥലത്തുനിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം കമ്പമലയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തുന്നതിനിടെയാണ് സമീപപ്രദേശത്ത് മാവോയിസ്റ്റുകളെത്തിയത്. കമ്പമല മേഖലയില്‍ പൊലീസിന്‍റെയും തണ്ടര്‍ബോള്‍ട്ടിെന്‍റയും തെരച്ചില്‍ നടക്കുന്നുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തലപ്പുഴക്കടുത്ത കമ്പമലയില്‍ തേയില എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ വനംവികസന സമിതി ഓഫീസിന്‍റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറുകളും തകര്‍ത്തത്. ഉച്ചക്ക് പന്ത്രണ്ടോടെയെത്തിയ സംഘം ഓഫീസ് ചുമരില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചാണ് മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയത്. യൂണിഫോം ധരിച്ച് തോക്കുധാരികളായിരുന്നു സംഘാംഗങ്ങള്‍. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന കമ്പമലയില്‍ മുമ്പും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ആറംഗ സംഘമാണ് വ്യാഴാഴ്ച വനവികസനസമിതി ഓഫീസില്‍ എത്തിയതെന്നാണ് പറയുന്നത്.
'തോട്ടം അധികാരികളെ മണിമാളികകളിൽ ഉറങ്ങാൻ വിടില്ല '; വയനാട്ടിൽ മാവോയിസ്റ്റുകള്‍ വനംവികസസമിതി ഓഫീസ് ആക്രമിച്ചു

തൊഴിലാളികളും സൂപ്പര്‍വൈസറുമെല്ലാം ഈ സമയം എസ്‌റ്റേറ്റിനുള്ളിലായിരുന്നു. എങ്കിലും ചില തൊഴിലാളികളുമായി സംഘം സംസാരിച്ചെന്ന വിവരമുണ്ട്. മുദ്രാവാക്യം വിളിച്ച സംഘാംഗങ്ങള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ''തോട്ടംഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും'', ''തൊഴിലാളികള്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് ചുവട്ടില്‍ ക്യന്‍സര്‍രോഗികളായി മരിക്കുമ്പോള്‍ തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ല'', ''പാടി അടിമത്തത്തില്‍ നിന്നും തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറാന്‍ സായുധ-കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങടങ്ങിയ പോസ്റ്ററുകളാണ് മലയാളത്തിന് പുറമെ തമിഴിലും വനവികസന സമിതി ഓഫീസ് ചുമരില്‍ പതിച്ചിട്ടുള്ളത്.

Post a Comment

أحدث أقدم