Join News @ Iritty Whats App Group

'താനെന്നും പലസ്തീൻ ജനതക്കൊപ്പം, ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട'; പരാമർശത്തില്‍ വിശദീകരണവുമായി തരൂർ

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.

മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും വിമര്‍ശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും ജലീല്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group