Join News @ Iritty Whats App Group

മരണക്കെണിയൊരുക്കി കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാത


ഇരിട്ടി: മരണക്കെണിയൊരുക്കി കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാത. കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെയുള്ള ഭാഗം ഏകദേശവും തകര്‍ന്നതോടെ അന്തസ്സംസ്ഥാന യാത്ര കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.

ഇരുപത് കിലോമീറ്റര്‍ പാതയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വൻ കുഴികളാണ് .ആംബുലൻസ് അടക്കം ദിനംപ്രതി ചെറുതും വലതുമായ നൂറുകണക്കിന് യാത്രാവാഹനങ്ങളും കേരളത്തിലേക്കുള്ള പഴം പച്ചക്കറി വാഹനങ്ങള്‍ ഉള്‍പ്പെടെ അനേകം ചരക്ക് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട് . കൊടും വളവുകളിലെ വലിയ ഗര്‍ത്തങ്ങള്‍ വലിയ വാഹനങ്ങള്‍ക്കുപോലും വലിയ ഭീഷണിയായിട്ടുണ്ട്. റോഡ് തകര്‍ന്നതോടെ പല സ്ഥലങ്ങളിലും സൈഡ് കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഇരുപത്തിനാലു മണിക്കൂര്‍ യാത്രാനുമതിയുള്ള പാതയില്‍ സുരക്ഷിതയാത്ര സങ്കല്‍പം മാത്രമായിട്ടുണ്ട്.

കണ്ണൂരിനേയും കുടകിനെയും വളരെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന റോഡാണിത് മട്ടന്നൂര്‍ എയര്‍പോര്‍ട്ടിന് പുറമെ കുടക് ജനതയുടെ സംസ്‌കാരവും ആചാരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നിരവധി ആരാധനാലയങ്ങള്‍ ഉള്ള കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡു കൂടിയാണിത്.

പേടിപ്പിച്ച്‌ അപകടമരണങ്ങള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ചുരം റോഡില്‍ ഇരട്ടി ഉളിയില്‍ സ്വദേശി ബൈക്ക് യാത്രികൻ അപകടത്തില്‍ പെട്ട് അതിദാരുണമായി മരിച്ചിരുന്നു.പകല്‍ പോലും ഇതുവഴിയുള്ള യാത്ര അരക്ഷിതത്വം നിറഞ്ഞതായിട്ടുണ്ട്. പതിനാറു കിലോമീറ്ററോളം ദൂരം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് പാത കടന്നുപോകുന്നത്. മൊബൈല്‍ റേഞ്ചില്ലാത്ത വനമേഖലയിലൂടെയുള്ള യാത്രയ്ക്കിടെ അപകടം നടന്നാല്‍ പുറംലോകം അറിയാൻ മണിക്കൂറുകള്‍ എടുക്കും.സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം അപകടത്തില്‍പെടുന്നവരെ സഹായിക്കാൻ പോലും അധികമാരും നില്‍ക്കാറുമില്ല. വളവുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞു. ഇവ ബലപ്പെടുത്താൻ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല . പല വളവുകളിലും വാഹനം ഇടിച്ചു തകര്‍ന്ന സുരക്ഷാ വേലികള്‍ക്ക് പകരം അപകട മുന്നറിയിപ്പ് തരുന്ന റിബ്ബണ്‍ മാത്രമാണ് ഉള്ളത്. മട്ടന്നൂര്‍ വിമാനത്തവളം യാഥാര്‍ഥ്യമായതോടെ ചുരം റോഡിന്റെ പ്രധാന്യം ഇരട്ടിയായെങ്കിലും റോഡിന്റെ അവസ്ഥ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ചുരംപാതയെ ദേശീയപാതയാക്കി ഉയര്‍ത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.

കോടികളുടെ വരുമാനം; എന്നിട്ടും

കേരളത്തില്‍ നിന്നും ചുരം പാത വഴിയുള്ള യാത്രക്ക് കര്‍ണ്ണാടക വനം വകുപ്പ് ഇപ്പോള്‍ ഈടാക്കുന്നത് 20 രൂപയാണ്. വനം വകുപ്പ് രൂപ വാങ്ങുന്ന ചെക്ക് പോസ്റ്റിന്റെ മുന്നില്‍ പോലും റോഡ് പൊട്ടിപ്പൊളിഞ്ഞാണ്. വഴിയരികിലെ കൂറ്റൻ മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളും മണിക്കൂറുകളോളം ചുരം പാതയില്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇരിട്ടിയില്‍ നിന്നും എത്തുന്ന ഫയര്‍ ഫോഴ്സ് ആണ് വഴിയിലെ തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group