കൊച്ചി: പരസ്പരം ഉടമ്പടിയുണ്ടാക്കി ഒന്നിച്ചു ജീവിക്കുന്നവരെ ഭാര്യാഭര്ത്താക്കന്മാരായി കാണാനാകില്ലെന്നു ഹൈക്കോടതി. ഇങ്ങനെ ജീവിച്ച യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭാര്യയോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഒപ്പം കഴിഞ്ഞിരുന്ന യുവാവിനെയും ബന്ധുക്കളെയും ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒപ്പം താമസിച്ചിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി നാരായണന്, സഹോദരന് രാധാകൃഷ്ണന് എന്നിവരെ വെറുതെവിട്ടാണ് ജസ്റ്റീസ് സോഫി തോമസ് വിധി പറഞ്ഞത്.
1997 സെപ്റ്റംബര്‍ ഒന്നിനാണ് നാരായണനും യുവതിയും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിതം തുടങ്ങിയത്. ഏതെങ്കിലും നിയമപ്രകാരം ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മൂന്നു മാസത്തിനുശേഷം ഡിസംബര്‍ 24 ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസം. 29 നു ആശുപത്രിയില്‍ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഭാര്യയോടുള്ള ക്രൂരത, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.
തുടര്‍ന്ന് പാലക്കാട് സെഷന്‍സ് കോടതി നാരായണന്, രാധാകൃഷ്ണന്, എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും തടവുശിക്ഷയ്ക്കു വിധിച്ചു. ഇതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയിലിരിക്കെ മാതാപിതാക്കള്‍ മരിച്ചു. തുടര്‍ന്ന് നാരായണന്റെയും രാധാകൃഷ്ണന്റെയും അപ്പീലുകളാണ് പരിഗണിച്ചത്.
ചടങ്ങുകള്‍ പ്രകാരം വിവാഹം കഴിക്കുകയോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്തതിനാല്‍ ഇവരെ ഭാര്യാഭര്ത്താക്കന്മാരായി കാണാനാകില്ലെന്നും ഇവരുണ്ടാക്കിയ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്താല്‍ പോലും അതിന് നിയമസാധുതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇവര്‍ ലിവിംഗ് ടുഗദറായിരുന്നെങ്കിലും നിയമത്തിന്റെ കണ്ണില്‍ ഈ ബന്ധത്തിന് ഒരു സാധുതയുമില്ല. ഭാര്യയ്ക്കെതിരേയുള്ള ക്രൂരത എന്ന കുറ്റം ഇതിനാല്‍ നിലനില്‍ക്കില്ല. നാലു മാസത്തോളമാണ് ഇവര്‍ ഒരുമിച്ചു താമസിച്ചത്.
യുവതി നല്കിയ മരണമൊഴിയില്‍ നാരായണനെതിരേ ഒന്നും പറഞ്ഞിട്ടില്ല. മാതാപിതാക്കള്ക്കെതിരേയാണ് മൊഴിയുള്ളത്. അവര്‍ ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post a Comment