Join News @ Iritty Whats App Group

മണിപ്പൂരില്‍ തകര്‍ത്തത് നൂറുകണക്കിന് പള്ളികള്‍, ബിജെപി ക്രൈസ്തവ വിരുദ്ധര്‍; മോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് മിസോറം മുഖ്യമന്ത്രി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറാകില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറാം തംഗ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തന്റെ സംസ്ഥാനത്ത് പ്രചരണത്തിന് വന്നാല്‍ മോഡിക്കൊപ്പം വേദിയില്‍ ഇരിക്കില്ലെന്ന് സോറം തംഗ തുറന്നടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറം സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതുകൊണ്ടാണ് ഈ പ്രതികരണമെന്നും പറഞ്ഞു.

ഒക്‌ടോബര്‍ 30 ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണില്‍ എത്തുന്നുണ്ട്. മിസോറത്തിലെ ജനങ്ങള്‍ മുഴുവന്‍ ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ അവിടുത്തെ ജനത നുറുകണക്കിന് പള്ളികളാണ് അഗ്നിക്കിരയാക്കിയത്. മിസോറത്തിലെ മൊത്തം ജനങ്ങളും അത്തരം ആശയത്തിനെതിരാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ബിജെപിയോടുള്ള അനുകൂല നിലപാട് തന്റെ പാര്‍ട്ടിക്ക് വലിയ മൈനസ് പോയിന്റായി മാറുമെന്നും പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സോറം തംഗയുടെ പ്രതികരണം വന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തനിച്ച് വരികയും തനിച്ച് വേദിയില്‍ ഇരിക്കുകയും ചെയ്യുന്നതാണ് നല്ല. എന്റേതായ വേദിയില്‍ ഞാന്‍ തനിച്ച് പങ്കെടുത്തുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ). എന്നാല്‍ സോറാംതംഗയുടെ പാര്‍ട്ടി സംസ്ഥാനത്ത് തനിയെയാണ് നില്‍ക്കുന്നത്.

കോണ്‍ഗ്രസിന് എതിരാളികള്‍ എന്ന നിലയിലാണ് എംഎന്‍എഫ് എന്‍ഡിഎയിലും എന്‍ഇഡിഎയിലും ചേര്‍ന്നതെന്നും എന്നാല്‍ അതിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിന്റെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് അഭയം നല്‍കുമ്പോള്‍ മാത്രമാണ് മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാത പിന്തുടരുന്നത്. മുന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്തു. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ആയുധം നല്‍കുന്നില്ല, എന്നാല്‍ മാനുഷിക കാരണങ്ങളാല്‍ ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 40,000 ത്തിലധികം പേര്‍ സംസ്ഥാനത്ത് അഭയംതേടുന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ കഴിയുമെന്നും സോറംതംഗ പറഞ്ഞു. 40 അംഗ നിയമസഭയിലേക്ക് മിസോറത്തിലെ തെരഞ്ഞെടുപ്പ് നവംബര്‍ 7 ന് നടക്കും ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group