Join News @ Iritty Whats App Group

അഭയാർഥി ക്യാമ്പുകൾക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; അൽ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു


ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ചാനലിന്റെ ഗാസയിലെ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിൽ തെക്കൻ ഗാസയിലെ നുസീറത് അഭയാർഥി ക്യാമ്പിനു നേര നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ബ്യൂറോ ചീഫ് വാ ഇൽ ദഹ്ദൂഹിന്റെ ഭാര്യയും, സ്കൂൾ വിദ്യാർഥിയായ മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെയുള്ള കുടുംബം കൊല്ലപ്പെട്ടത്.

ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ കുടുംബത്തെ അഭയാർത്ഥി ക്യാമ്പി​ലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിൽ കുടുംബത്തിലെ ഏതാനും പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഭാര്യയുടെയും മകളുടെയും മകന്റെയും മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന വാ ഇൽ ദഹ്ദൂഹിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു.

ഗാസയിലെ നുസീറത് പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. നുസീറത്തിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയായിരുന്നു വ്യോമാക്രമണം. യാര്‍മൗകിലും അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അൽ ജസീറ അറബിക് ചാനലിനു വേണ്ടി യുദ്ധമുഖത്ത് റിപ്പോർട്ടിങ്ങിൽ സജീവമായിരുന്നു വാ ഇൽ ദഹ്ദൂഹ്. കഴിഞ്ഞ ദിവസം തത്സമയം റിപ്പോർട്ട് ചെയ്ത മേഖലയിൽ നടന്ന വ്യോമാക്രമണത്തിനിടെ വാ ഇല്ലിനും നിസ്സാര പരിക്കുകൾ പറ്റിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group