Join News @ Iritty Whats App Group

മലപ്പുറത്ത് ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടി

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടി. ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. കൂടാതെ മലപ്പുറം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിൽനിന്നും വിവരങ്ങൾ തേടി.

ഒരാഴ്ച മുമ്പാണ് സൗന്ദര്യവര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത്. മലപ്പുറത്ത് ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’ എന്നീ ക്രീമുകൾ ഉപയോഗിച്ചവരെയാണ് അത്യപൂർവ്വ വൃക്കരോഗം ബാധിച്ചത്. ഈ ക്രീമുകൾ ഉപയോഗിച്ച 11 പേര്‍ക്ക് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് കോട്ടക്കൽ മിംസ് ആശുപത്രിയിലെ ഡോക്ടർമാരായ സജീഷ് ശിവദാസനും രഞ്ജിത്ത് നാരായണനും ചേർന്ന് വിശദമായ പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഇതുസംബന്ധിച്ച പരിശോധന നടന്നു. വിശദമായ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഫെയർനെസ് ക്രീം ഉപയോഗമാണ് രോഗകാരണമെന്ന് വ്യക്തമായത്.

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ‘യൂത്ത് ഫെയ്‌സ്’ എന്ന ക്രീം ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണ് ഡോക്ടർമാർ വിശദമായ പഠനം നടത്തിയത്. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീമുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ പി എസ് ഹരി പറഞ്ഞു. ചില ക്രീമുകളില്‍ മെർക്കുറിയും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനുവദനീയമായ അളവിലും നൂറിരട്ടിയിലേറെയായിരുന്നു ഈ രാസവസ്തുക്കളുടെ സാന്നിദ്ധ്യം.

‘യൂത്ത് ഫെയ്സ്’ എന്ന ക്രീമില്‍ നിര്‍മാതാക്കളുടെ വിവരങ്ങളോ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ നല്‍കിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരം ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകും. ലോഹമൂലകങ്ങൾ അമിതമായ അളവിൽ ഉപയോഗിക്കുന്നതുകൊണ്ടാണിത്. എന്നാൽ ഇത് രക്തത്തില്‍ കലര്‍ന്ന് വൃക്കയെ ബാധിക്കും. വൃക്കകളുടെ അരിപ്പയെയാണ് ഇത് ബാധിക്കുക. അരിക്കൽ ശേഷി നഷ്ടപ്പെടുന്നതോടെ, പ്രോട്ടീനുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവയാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗത്തിന്‍റെ ലക്ഷണങ്ങൾ.

Post a Comment

أحدث أقدم
Join Our Whats App Group