Join News @ Iritty Whats App Group

'സ്കൂളിൽ നഴ്സിന്റെ സേവനം ലഭ്യമാക്കണം'; ആരോ​ഗ്യവകുപ്പിനോട് വിദ്യാഭ്യാസ വകുപ്പ് -കാരണമിത്


കോഴിക്കോട്: ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് സ്കൂളുകളിൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നിലവിൽ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്കൂൾ കൗൺസിലർമാരാണ് പ്രവർത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാൽ കൂടുതൽ കൗൺസിലിംഗ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇവർക്ക് കൗൺസിലിംഗ് റൂം നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ടൈപ് വൺ പ്രമേഹ ബാധിതരായ കുട്ടികൾ വിദ്യാലയങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സജീവമായ ഇടപെടൽ നടത്തണമെന്നു കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹ ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളിൽ പരിചരിക്കാൻ സംവിധാനമില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു.

Read More... എംവിഡി വീണ്ടും,സ്വകാര്യ ബസ് പിടിച്ചെടുത്തു; 'റോബിനെ' അനുകൂലിച്ചും പ്രതികൂലിച്ചും വാദം

കുട്ടികൾ അധ്യാപകരുമായി കൂടുതൽ സമയം ചെലവിടുന്നതിനും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആദ്യഘട്ടത്തിൽ എൽപി മുതൽ ഹൈസ്കൂൾ തലം വരെ 66029 അധ്യാപകർക്ക് പരിശീലനം നൽകി. സാമൂഹിക സുരക്ഷാ മിഷന്റെ കൈപ്പുസ്തകമായ ‘മിഠായി’യുടെ അടിസഥാനത്തിലാണ് പരിശീലന മൊഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. പാഠ്യപദ്ധതിയിൽ ടൈപ്പ് വൺ പ്രമേഹം സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്താൻ സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Post a Comment

أحدث أقدم
Join Our Whats App Group