തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ചതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്താനും വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് ഡോ കെ എസ് രാധാകൃഷ്ണനും സന്ദീപ് വാര്യർക്കും എതിരെ പരാതി നൽകി. മുസ്‌ലിം ലീഗാണ് കെ എസ് രാധാകൃഷ്ണന് എതിരെ പരാതി നൽകിയത്. സന്ദീപ് വാര്യർക്കെതിരെ എഐവൈഎഫ് നേതാവ് എൻ അരുണാണ് പരാതി നൽകിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് നൂറോളം വിദ്വേഷ പോസ്റ്റുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഫെയ്‌സ്‌ബുക്കിൽ നിന്നും എക്‌സിൽ നിന്നും പൊലീസ് നീക്കം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് റിവ തോലൂർ ഫിലിപ്പ് എന്ന പ്രൊഫൈലിനെതിരെയാണ് സംസ്ഥാനത്ത് ആദ്യം കേസെടുത്തത്. എസ്ഡിപിഐ ജില്ലാ നേതൃത്വം കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എസ്ഡിപിഐയാണ് കളമശേരി ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ക്രീന്‍ഷോട്ട് സഹിതമാണ് ആറന്മുള സ്വദേശിക്കെതിരെ എസ്ഡിപിഐ പരാതി നല്‍കിയത്.
إرسال تعليق