Join News @ Iritty Whats App Group

ജയ്പൂരിലെ കമ്പനിയിൽ ജോലി, ഉടൻ നിയമനം, ഒടുവിൽ 'പാർക്കി'ലിരുന്ന് മടുത്തു; യുവാക്കളെ പറ്റിച്ച് തട്ടിയത് 7 ലക്ഷം !

ചേർത്തല : ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശിയായ യുവാവ് അറസ്റ്റിലായി. ചേർത്തല തെക്ക് പഞ്ചായത്തിലെ അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽഫിൻ എന്ന ആൽബർട്ട് എം രാജു (20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അർത്തുങ്കൽ സ്വദേശികളായ നാലു യുവാക്കളിൽ നിന്നും 7 ലക്ഷത്തിലധികം രൂപ വാങ്ങി പണം തട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ ആൽഫിനെന്ന് പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൌണ്ട് മുഖേനയാണ് പ്രതികള്‍ യുവാക്കളിൽ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പ്പൂരിൽ കൊണ്ടുപോയി. യുവാക്കളെ ഒരു ഹോട്ടലിൽ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളിൽ ജവഹർ പാർക്കിൽ കൊണ്ടുപോയി ഇരുത്തും. ഒടുവിൽ പ്രതികൾ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെയാണ് യുവാക്കൾക്ക് ചതി മനസിലായത്. ഇതോടെ നൽകിയ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ കൈ കഴുകി. തുടർന്നാണ് പറ്റിക്കപ്പെട്ട യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

തുടർന്ന് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ഡി.സജീവ്കുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ ജയ്പ്പൂരിൽ നിന്നുമാണ് ആൽഫിനെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എ എസ്ഐമാരായ എസ്. വീനസ്, ശാലിനി എസ്, എസ്.സി.പി.ഒ ശശികുമാർ.എസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ ജില്ലയിലെ പല ഭാഗത്തുനിന്നുമുളള നിരവധി യുവാക്കളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group