Join News @ Iritty Whats App Group

എ.ഐ ക്യാമറയ്ക്ക് പണി കൊടുക്കാന്‍ നോക്കിയ യുവാവ് കുടുങ്ങി; 60,000 രൂപ പിഴ, ലൈസന്‍സും പോയി


കൊച്ചി: വാഹനത്തിന്റെ നമ്പര്‍ മാറ്റിയെഴുതി എ.ഐ ക്യാമറയെ പറ്റിക്കാന്‍ നോക്കിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുടുക്കി. നിരന്തരം നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കാനും കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. വീട്ടിലെത്തി 60,000 രൂപ പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

51 തവണയാണ് ഇയാളുടെ ബൈക്ക് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പെരുമ്പാവൂര്‍ ഓടക്കാലി ഭാഗത്തെ എ.ഐ ക്യാമറകളില്‍ പെട്ടത്. തുടക്കത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പിഴ അടയ്ക്കാന്‍ നോട്ടീസുകള്‍ അയച്ചു. എന്നിട്ടും കുലുക്കമില്ല. നിയമലംഘനങ്ങള്‍ തുടരുകയും ചെയ്യുന്നു. ഹെല്‍മറ്റ് വെയ്ക്കാതെ വാഹനം ഓടിക്കുന്നതും വാഹനത്തിന്റെ രൂപമാറ്റവും മൂന്ന് പേരെ കയറ്റിയുള്ള യാത്രയുമൊക്കെയാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. 

നിത്യേന ക്യാമറയില്‍ ഈ വാഹനം കുടുങ്ങാന്‍ തുടങ്ങിയതോടെ വലിയ തുക പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനായി വാഹനത്തിന്റെ നമ്പര്‍ നോക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമയെ ഫോണില്‍ വിളിച്ചു. അപ്പോഴാണ് ക്യാമറയില്‍ കണ്ട വാഹനത്തിന്റെ നമ്പര്‍ തെറ്റാണെന്നും ഈ നമ്പറിന്റെ ഉടമയല്ല നിയമലംഘകനെന്നും കണ്ടെത്തിയത്. നേരത്തെ ഈ വാഹനത്തിന് അയച്ച നിയമലംഘനങ്ങളുടെ നോട്ടീസും യഥാര്‍ത്ഥ ഉടമയ്ക്ക് അല്ല കിട്ടിയതെന്ന് മനസിലായി. ക്യാമറയെ കബളിപ്പിക്കാന്‍ നമ്പര്‍ മാറ്റിയതാണെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് മനഃപൂര്‍വം നിയമലംഘനങ്ങള്‍ നടത്തുകയാണെന്നും മനസിലായതോടെയാണ് ഇയാളെ കുടുക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയത്. 

എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ എസ്.പി സ്വപ്ന യുവാവിനെ കുടുക്കാന്‍ 'എറണാകുളം സ്ക്വാഡിനെ' തന്നെ രംഗത്തിറക്കി. വാഹനത്തിന്റ നമ്പര്‍ മാറ്റിയിരുന്നതിനാല്‍ ആളെ കണ്ടുപിടിക്കുക ശ്രമകരമായിരുന്നു. സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.വി രതീഷ്, നിശാന്ത് ചന്ദൻ, കെ.എ സമിയുള്ള എന്നിവർ ചേര്‍ന്ന് നിരീക്ഷണം ആരംഭിച്ചു. ആദ്യം യുവാവ് പോകുന്ന സമയങ്ങള്‍ നിരീക്ഷിച്ചു. പിന്നീട് ക്യാമറയുടെ പരിസരത്ത് എത്തിയ ഉദ്യോഗസ്ഥര്‍ ഇയാളുടെ മുഖം കാണുന്ന രീതിയില്‍ ചിത്രമെടുത്ത് പരിസരത്തെ സ്ഥാപനങ്ങളിലും വ്യക്തികളെയും കാണിച്ചു. ഇവരില്‍ ചിലരാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

ആളെ കണ്ടെത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വീട്ടിലെത്തി. മൂന്ന് മാസത്തിലെ 51 നിയമലംഘനങ്ങള്‍ക്ക് 60,000 രൂപയാണ് പിഴ ചുമത്തിയത്. വാഹനവും പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലെത്തി ഇയാള്‍ 53,000 രൂപ പിഴയടച്ചു. ബാക്കി 7000 രൂപ അടയ്ക്കാന്‍ സാവകാശം തേടിയിരിക്കുകയാണ് ഇപ്പോള്‍. ഇയാളുടെ ലൈസന്‍സ് സസ്‍പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group