പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ബംഗളുരു സ്വദേശിയായ യുവതിയില്‍ നിന്നും 60 ലക്ഷം തട്ടിയെടുത്തു. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ യുവതിയാണ് തട്ടിപ്പിനിരയായത്. സര്‍ജാപൂരിലാണ് ഇവര്‍ താമസിക്കുന്നത്.
സെപ്റ്റംബര്‍ 11നും 19നും ദിവസങ്ങള്‍ക്കിടയിലാണ് ഇവര്‍ക്ക് പണം നഷ്ടപ്പെട്ടത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലഭിച്ച ഒരു മെസേജാണ് ഇവരെ ഈ ചതിക്കുഴിയില്‍ വീഴ്ത്തിയത്.
മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഇവരെ ഉള്‍പ്പെടുത്തി. ഹോട്ടല്‍ റിവ്യൂ ചെയ്യുന്നതിന് 100 രൂപ വാഗ്ദാനം ചെയ്യുന്ന ജോലിയായിരുന്നു അവിടെ നിന്നും ആദ്യം ലഭിച്ചത്.
ജോലി ചെയ്ത് തുടങ്ങിയ ആദ്യ നാളുകളില്‍ യുവതിയ്ക്ക് കുറച്ച് പണം പ്രതിഫലമായി കിട്ടിത്തുടങ്ങിയിരുന്നു. പിന്നീട് തട്ടിപ്പ് സംഘം പുതിയ നിക്ഷേപ നിര്‍ദ്ദേശവുമായി യുവതിയെ സമീപിച്ചു. കുറച്ച് പണം നിക്ഷേപിച്ചാല്‍ ഈ ജോലിയില്‍ നിന്നും ഇരട്ടി വരുമാനം ഉണ്ടാക്കാം എന്നായിരുന്നു ഈ സംഘം യുവതിയെ വിശ്വസിപ്പിച്ചത്.
Also read-പൊറോട്ടയും ബീഫും കടം നൽകിയില്ല; കൊല്ലത്ത് യുവാവ് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു
ഇത് വിശ്വസിച്ച യുവതി തന്റെ അക്കൗണ്ടില്‍ നിന്നും അമ്മായിയമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും തട്ടിപ്പ് സംഘം പറഞ്ഞ പദ്ധതിയിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഏകദേശം 60 ലക്ഷത്തോളം രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്. എന്നാല്‍ തട്ടിപ്പ് സംഘം പറഞ്ഞ ജോലി തനിക്ക് ലഭിക്കാതായതോടെയാണ് യുവതിയ്ക്ക് സംശയം തോന്നിത്തുടങ്ങിയത്. പിന്നീട് തനിക്ക് അബദ്ധം പറ്റിയ വിവരം യുവതി മനസ്സിലാക്കിയത്.
ഇതാദ്യമായല്ല ഇത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.മുമ്പ് ഫോണില്‍ ഒരു മിസ്ഡ് കോള്‍ ലഭിച്ചതിന് ശേഷം അഹമ്മദാബാദിലെ വ്യവസായിക്ക് 46 ലക്ഷം രൂപ നഷ്ടമായ വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ പതിപ്പാണ് ഈ മിസ്ഡ് കാള്‍ തട്ടിപ്പ്. അഹമ്മദാബാദിലെ സാറ്റലൈറ്റ് എക്സ്റ്റന്‍ഷനിലെ താമസക്കാരനായ വ്യവസായിയുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ നല്‍കിയ ശേഷം തട്ടിപ്പുകാര്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയും പണം അപഹരിക്കുകയും ചെയ്യുകയായിരുന്നു. മിസ്ഡ് കാള്‍ ലഭിച്ച് അല്‍പ സമയത്തിനുശേഷം വ്യവസായിയുടെ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.
അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ വ്യവസായിയായ രാകേഷ് ഷായാണ് തട്ടിപ്പിന് ഇരയായത്. രാകേഷ് ഷായുടെ മൊബൈല്‍ നമ്പറിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മിസ്ഡ് കോളിന് ശേഷം ഇയാളുടെ മൊബൈലിലെ സിം പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. തന്റെ ഫോണില്‍ ഉണ്ടായിരുന്ന രണ്ട് സിം കാര്‍ഡുകളും പ്രവര്‍ത്തനരഹിതമായപ്പോള്‍ രാകേഷ് ഷാ വോഡഫോണ്‍-ഐഡിയ ഷോറൂമില്‍ എത്തി പ്രവര്‍ത്തനരഹിതമായ പോസ്റ്റ്‌പെയ്ഡ് നമ്പര്‍ ഉടന്‍ തന്നെ ആക്ടിവേറ്റ് ചെയ്തു. നാല് മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഷോറൂമില്‍ നിന്നും അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സിം പ്രവര്‍ത്തനരഹിതമായതിനെ സംബന്ധിച്ച പരാതി രാകേഷ് ഷാ കമ്പനിക്ക് രാത്രി തന്നെ മെയില്‍ വഴി അയച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ രണ്ട് സിം കാര്‍ഡുകളും വീണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു. വീണ്ടും വോഡഫോണിന്റെ സ്റ്റോര്‍ സന്ദര്‍ശിച്ചപ്പോള്‍ കൊല്‍ക്കത്തയിലെ ഒരു വോഡഫോണ്‍ സ്റ്റോറില്‍ നിന്നുമാണ് രണ്ട് സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തത് എന്ന് അദ്ദേഹത്തിന് കണ്ടെത്താനായി.
ഈ സംഭവത്തിന് ശേഷം ബാങ്ക് ഓഫ് ബറോഡയില്‍ എത്തിയപ്പോഴാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 46 ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടതായി രാകേഷ് ഷാ അറിഞ്ഞത്. തട്ടിപ്പിന് ഇരയായ രാകേഷ് ഷാ ഉടന്‍ തന്നെ സൈബര്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചപ്പോള്‍ രാകേഷ് ഷായുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 11 ഇടപാടുകളിലൂടെ 46.36 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകളെല്ലാം തന്നെ വണ്‍ ടൈം പാസ്വേഡ് (ഒടിപി) ഉപയോഗിച്ചാണ് നടത്തിയിരിക്കുന്നതെന്നു പോലീസിന് മനസിലാക്കാനായി.
രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സിം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡിജിറ്റില്‍ സാമ്പത്തിക തട്ടിപ്പുകള്‍ അധികവും നടക്കുന്നത് സുരക്ഷിതമല്ലാത്ത ലിങ്കുകളിലൂടെ നടത്തുന്ന ബാങ്ക് ഇടപാടുകള്‍, വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ തുടങ്ങിയവയിലൂടെയാണ്. ഒടിപി, പാസ്‌വേര്‍ഡ്, പിന്‍ നമ്പര്‍ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിലൂടെയുള്ള തട്ടിപ്പും വര്‍ധിച്ചിട്ടുണ്ട്.
إرسال تعليق