47,000 രൂപയോളം കുടിശ്ശിക ഉണ്ടെന്നാണ് ഹംസക്ക് കിട്ടിയ നിർദേശത്തിൽ പറയുന്നത്
പാലക്കാട്: നാൽപ്പതാണ്ട് മുൻപത്തെ കുടിശികയും പലിശയും അടക്കാൻ വൃദ്ധ ദമ്പതികൾക്ക് നിർദേശം നൽകി കെഎസ്ഇബിയുടെ വിചിത്ര നടപടി. വൃദ്ധരും രോഗികളുമായ ദമ്പതിമാരുടെ കടയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് വടക്കുമ്മണ്ണത്ത് റോളക്സ് എന്ന ഹോട്ടലിൻ്റെ ഉടമയായ ഹംസ.
മുൻ ഉടമ അടയ്ക്കാനുള്ള 30,000 രൂപയും പിഴയും ഉൾപ്പെടെ 47000 രൂപ ഉടൻ അടയ്ക്കണം. ഇല്ലെങ്കിൽ 1.15 ലക്ഷം രൂപ കുടിശിക വരുത്തിയതിന് ജപ്തി നടപടി നേരിടേണ്ടി വരുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വ്യക്തത വരുത്താൻ ഹംസയുടെ മകൻ ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചു.
1982 ലാണ് കൃഷ്ണപ്പൻ ചെട്ടിയാരുടെ പക്കൽ നിന്ന് ഹംസ കെട്ടിടം വാങ്ങിയത്. ഇതിനു ശേഷം പുതുതായി വയറിങ് നടത്തി വൈദ്യുതി കണക്ഷൻ ഹംസയുടെ പേരിലേക്ക് മാറ്റി. അന്നു മുതൽ ഒരു ബിൽ പോലും കുടിശിക വരുത്തിയിട്ടില്ല. കുടിശികയുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുമില്ല. പിന്നെ എങ്ങനെ 47000 രൂപ കുടിശിക അടയ്ക്കാൻ അധികൃതർ ആവശ്യപ്പെടുകയെന്നാണ് ഹംസ ചോദിക്കുന്നത്.
പഴയ ഉടമ ജീവിച്ചിരിക്കുന്നില്ല എന്നിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഹംസ. വൃക്ക രോഗിയായ തനിക്ക് ഇത്രയും തുക അടക്കാൻ കഴിയില്ലെന്ന് ഹംസ അറിയിച്ചു. ഉടമ മാറിയെങ്കിലും ഇതേ കൺസ്യൂമർ നമ്പരിലെ കുടിശികയാണ് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
إرسال تعليق