Join News @ Iritty Whats App Group

യുദ്ധം കടുക്കുന്നു: തിരിച്ചടി തുടങ്ങി ഇസ്രായേല്‍, ഗാസയില്‍ 200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


ഗാസ: ഹമാസ് ഇസ്രായേലില്‍ കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേല്‍, അതിശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. പാലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേല്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ ഇരുനൂറിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1600ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ട ഷെല്‍ ആക്രമണമാണ് മധ്യ, ദക്ഷിണ ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഉണ്ടായത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ സേന അവകാശപ്പെട്ടിരുന്നു. ഇസ്രായേലിന് ഉളളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് പറയുന്നത്. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേല്‍ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെടുന്നുണ്ട്. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് പുലര്‍ച്ചെ തുടക്കമിട്ടത്.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകള്‍ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരില്‍ പലരെയും ഹമാസിന്റെ ആളുകള്‍ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 60 ഹമാസ് തീവ്രവാദികള്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. തെക്കന്‍ ഇസ്രായേലില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായില്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമാസിന്റെ ആയുധധാരികളായ പോരാളികള്‍ ഇസ്രയേല്‍ സൈനികരെയും സാധാരണക്കാരായ പൗരന്‍മാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗാസയില്‍വച്ച് കൊലപ്പെടുത്തിയ ഇസ്രയേല്‍ സൈനികന്റെ മൃതദേഹത്തോട് അക്രമികള്‍ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group