Join News @ Iritty Whats App Group

ഷെന്‍ഹുവ 15 കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് അടുക്കും; പതാക വീശി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേല്‍ക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയിരിക്കും.

തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെന്‍ഹുവ 15 കപ്പല്‍ ഇതിനോടകം പുറം കടലില്‍ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവന്‍ ജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഉച്ചക്ക് 2 മണി മുതല്‍ വിഴിഞ്ഞത്തേക്കും, 6 മണി മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group