ആന്ധ്രാപ്രദേശിൽ ഇന്നലെ ഉണ്ടായ തീവണ്ടി അപകടത്തിൽ മരിച്ചവരുടെ എണ്ണം 14ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, അപകടത്തെ തുടർന്ന്12 ട്രെയിനുകൾ റദ്ദാക്കി. 15 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ഏഴ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സംസ്ഥാനത്ത് നിന്ന് ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. ദുരന്തബാധിതർക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം 7 മണിയോടെ റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തുടർന്ന് പാസഞ്ചറിന്റെ മൂന്ന് ബോഗികൾപാളം തെറ്റുകയും ചെയ്തു. ഈ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. ട്രെയിൻ നമ്പർ 08532 (വിശാഖപട്ടണം-പാലാസ പാസഞ്ചർ), 08504 (വിശാഖപട്ടണം-രായഗഡ പാസഞ്ചർ സ്പെഷ്യൽ) എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
إرسال تعليق