Join News @ Iritty Whats App Group

ജീവനക്കാരിൽ അമ്പരപ്പും ആനന്ദവുമുണർത്തി പായം വില്ലേജിൽ ബംഗാൾ ഗവർണ്ണർ ആനന്ദ ബോസ്

ഇരിട്ടി: താൻ ഒരുകാലത്ത് ഇരുന്ന കസേരയിൽ അൽപ്പനേരം ഒന്നുകൂടി ഇരിക്കണം എന്ന ആഗ്രഹവുമായി പായം വില്ലേജ് ഓഫീസിൽ കയറിവന്ന ആളെ കണ്ട് ജീവനക്കാർ അമ്പരന്നു. എന്നാൽ തങ്ങൾ കണ്ടത് യാഥാർഥ്യമാണെന്ന ബോധ്യം വന്നതോടെ അമ്പരപ്പ് അവരിൽ ആനന്ദമായി മാറി. വ്യാഴാഴ്ച ഉച്ചയോടെ സുരക്ഷാജീവനക്കാരുടെ അകമ്പടിയോടെ പായം വില്ലേജ് ഓഫീസിൽ കയറിവന്ന ബംഗാൾ ഗവർണ്ണർ സി.വി. ആന്ദബോസിനെ കണ്ടാണ് ഇവിടുത്തെ ജീവനക്കാർ അമ്പരന്നു നിന്നത് . ഗവർണ്ണർ മലയേര വില്ലേജ് ആയ പായം വില്ലേജ് ഓഫീസിലെത്തിയത്തിന്റെ അമ്പരപ്പും ആശ്ചര്യവും ജീവനക്കരുടെ മനസിൽ എന്നും മായത്ത ഓർമ്മയായി നിലനിൽക്കും. 
വ്യാഴാഴ്ച്ച രാവിലെ മട്ടന്നൂർ എയർപേട്ട് സി ഐ പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദിനെ ഫോണിൽ വിളിച്ച് ഒപ്പം ജോലിചെയ്ത ജീവനക്കാരെ കാണാൻ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് വില്ലേജ് ഓഫീസ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അവിടെ ഉണ്ടാകുമല്ലോ എന്നും ചോദിച്ചപ്പോൾ വില്ലേജ് ഓഫീസർക്ക് കാര്യം ഒന്നും പിടികിട്ടിയിരുന്നില്ല. ഒരുമണിയോടെ സന്ദർശനം ഉറപ്പാണ് എന്ന സ്ഥിരീകരണം വന്നപ്പോഴും ബംഗാൾ ഗവർണ്ണർക്ക് പായം വില്ലേജിൽ എന്ത് കാര്യം എന്ന ചിന്തതന്നെ വില്ലേജ് ഓഫീസറിൽ ഉണ്ടായി. എന്നാൽ ആനന്ദബോസ് ഓഫിസിലെത്തി വില്ലേജ് ഓഫീസറുടെ സീറ്റിലിരുന്ന് നാല് പതിറ്റാണ്ട് മുൻമ്പ് പായം വില്ലേജ് ഓഫീസറുടെ സീറ്റിലിരുന്നതിന്റെ മധുരിക്കുന്ന ഓർമ്മകൾ ജീവനക്കാരുമായി പങ്കുവെച്ചപ്പോഴാണ് സന്ദർശന കാര്യം ഇവർക്ക് പിടികിട്ടിയത്.
1978-ൽ കണ്ണൂരിൽ സബ് കലക്ടറായി ജോലി നോക്കുന്ന സമയത്ത് ഐ എ എസ് പരിശീലനത്തിന്റെ ഭാഗമായി ഗ്രാമീണ ജീവിതത്തെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും മണ്ണൂം മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇഴകീറി പഠിക്കുന്നതിന് ആനന്ദബോസ് തിരഞ്ഞെടുത്തത് പായം വില്ലേജിനെയായിരുന്നു. പത്ത് ദിവസം പായം വില്ലേജ് ഓഫീസറുടെ തസ്തികയിൽ ഇരുന്നും പിന്നീട് ഒരു വർഷത്തോളം സന്ദർശകനായും നാട് ചുറ്റിനടന്ന് നാട്ടുകാരെ കാണാനും അവരെ കേൾക്കാനും നാട്ടുകാരനാകാനും കഴിഞ്ഞതിന്റെ ഓർമ്മകളാണ് ആനന്ദബോസ് വില്ലേജിലുണ്ടായിരുന്നവരോട് പറഞ്ഞത്. അന്ന് വില്ലേജിനെക്കുറിച്ച് തയ്യാറാക്കിയ പഠന റിപ്പോർട്ട് റവന്യു ബോർഡ് അംഗീകരിച്ച് പ്രശംസിച്ചത് ജീവിതത്തിൽ പിന്നീടുള്ള പ്രയാണത്തിനുള്ള ഊർജ്ജമായി മാറിയതാണ് ആനന്ദബോസിന് പായത്തെ മറക്കാത അനുഭവമാക്കി മാറ്റിയത്.
 അന്തരിച്ച മുതിർന്ന ആർ എസ് എസ് പ്രചാരകനും ബി ജെ പി നേതാവുമായ പി.പി. മുകുന്ദന് പേരാവൂർ മണത്തണയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം ഉച്ചക്ക് രണ്ട് മണിയോടെയാണ് കനത്ത സുരക്ഷയിൽ പായം വില്ലേജ് ഓഫീസിൽ ഗവർണ്ണർ എത്തിയത്. 
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ , ഹെഡ്ക്വാട്ടേഴ്‌സ് തഹസിൽദാർ കെ.ഷീന, വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തന്റെ വി ഐ പി തലപ്പാവ് മാറ്റിവെച്ച് ഒരിക്കൽ കൂടി വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരുന്ന് പഴയ ഓർമ്മകൾ പങ്കുവെച്ച് മുക്കാൽ മണിക്കൂറോളം ഓഫീസിൽ ചിലവഴിച്ചു. ജീവനക്കാരെ ഒരോരുത്തരേയും പരിചയപ്പെട്ട് അവർക്കൊപ്പം ഇരുന്ന് പലഹാരങ്ങളും കഴിച്ച് സഹപ്രവർത്തകരിൽ ഒരാളിയി അദ്ദേഹം മാറി. വില്ലേജ് ഓഫീസിലെ എല്ലാം ജീവനക്കാരേയും കൊൽക്കത്തയിലെ രാജ് ഭവനിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ചുകൊണ്ടാണ് ഗവർണ്ണർ മടങ്ങിയത്. ആനന്ദബോസ് എഴുതിയ സയലഡ് മൂഡ്‌സ് ഗുഡ് എന്ന പുസ്തകവും അദ്ദേഹം എല്ലാ ജീവനക്കാർക്കും നൽകി. റവന്യു ജീവനക്കാരായ എം.സിനി, പി.കെ. സതീശൻ, എൻ. സുജീഷ്, ജറാൾഡ്, ഇ.കെ. ദീപേഷ്, പി.പി. മണി എന്നിവരും ഓഫീസിൽ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group