Join News @ Iritty Whats App Group

മുന്നോക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് (ബി)യ്ക്ക്; ഉത്തരവിറങ്ങിയത് സാങ്കേതിക പിഴവിനെ തുടര്‍ന്ന്: കെബി ഗണേഷ്‌കുമാര്‍



മുന്നോക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് (ബി)യ്ക്ക് തിരികെ നല്‍കും. ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എ കെബി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും നടത്തിയ ആശയവിനിമയത്തിന്റെ ഫലമായാണ് തീരുമാനം മാറ്റിയത്.

സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്നാണ് കെബി ഗണേഷ്‌കുമാര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ച് ആയിരുന്നു ഉത്തരവ് പുറത്തിറക്കിയത്.

രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മന്ത്രി സ്ഥാനം ലഭിക്കാത്ത കേരള കോണ്‍ഗ്രസ് (ബി)യ്ക്ക് നല്‍കിയ പ്രധാന പദവിയായിരുന്നു കാലാവധി പകുതി പിന്നിട്ടപ്പോള്‍ തിരിച്ചെടുത്തത്. മുന്നണിയിലെ ധാരണ പ്രകാരം രണ്ട് മാസത്തിനുള്ളില്‍ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കേണ്ടതുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ അനശ്ചിതത്വം നിലനില്‍ക്കേ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന മുന്നോക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെബി ഗണേഷ്‌കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group