പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് തോമസ് ചാക്കോവിന്റെ അവകാശവാദം. ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖിൽ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും തോമസ് ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.
അതിനിടെ, മെഡിക്കൽ ഓഫീസർ നിയമന കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ് രംഗത്തെത്തി. അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിന്‍റെ ആരോപണം. തന്‍റെ അക്കൗണ്ടിലേക്ക് ഹരിദാസൻ അയച്ചുവെന്ന് പറയുന്ന 25,000 രൂപ ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖിൽ സജീവൻ പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് മലപ്പുറം സ്വദേശി ഹരിദാസൻ. നിയമനതട്ടിപ്പിൽ നേരത്തെ വിവരം നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ഹരിദാസന്റെ ആരോപണം. ഓഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു എന്നും ഹരിദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ലെന്ന് ഹരിദാസൻ ആരോപിക്കുന്നു. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഹരിദാസന്റെ പ്രതികരണം.
إرسال تعليق