Join News @ Iritty Whats App Group

മായം കലര്‍ത്തിയ മത്സ്യവില്‍പന വ്യാപകം


കേളകം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ തുടങ്ങിയ കാമ്ബയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി തുടക്കമിട്ട 'ഓപറേഷൻ മത്സ്യ' പ്രവര്‍ത്തനം നിലച്ചതോടെ നാടെങ്ങും മായം കലര്‍ന്ന മല്‍സ്യവില്‍പന വ്യാപകം.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങി അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ മായം കണ്ടെത്താനുള്ള പരിശോധനകള്‍ പോലും അപൂര്‍വ നടപടിയായി. 

ഭക്ഷ്യ സുരക്ഷ വകുപ്പ് തുടങ്ങിയ കാമ്ബയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും, അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളും നാമമാത്രമായി. എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളമെന്നതാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വിലയിരുത്തല്‍. 

അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലബോറട്ടറികളില്‍ അയക്കുമെന്നും, ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കുമെന്നും പ്രഖ്യാപിച്ചത് മാത്രം മിച്ചം. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ച്‌ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി ജില്ലകളില്‍ പരിശോധന നടത്തുമെന്നായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ പരിശോധനകള്‍ കുറഞ്ഞതിന്റെ ഫലമായി നാടെങ്ങും മായം കലര്‍ന്ന മത്സ്യങ്ങളും, പച്ചക്കറികളും വില്‍പന നടത്തുന്നതും വ്യാപകമാണ്.

Post a Comment

أحدث أقدم
Join Our Whats App Group