തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ന്യായീകരിച്ച് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. അനിലിന് ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് അനിലിന്റെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എകെ ആന്റണി പരിശ്രമിച്ചിട്ടില്ലെന്നും എകെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു.അതേസമയം അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നേരത്തെ നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു.
അനില്‍ ആന്‍റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എകെ ആന്‍റണിക്കും നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ആന്‍റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ട്ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിന്‍റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്‍റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
إرسال تعليق