Join News @ Iritty Whats App Group

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുനരാരംഭിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ വീണ്ടുമടച്ചു, കാരണമിതാണ്


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ് വീണ്ടും നിലച്ചു. ദൂരപരിധിയടക്കമുളള കാര്യങ്ങളില്‍ തീരുമാനമാവാത്തതോടെ തൊഴിലാളികളും ട്രേഡ് യൂണിയനുകളും പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു.

കൊവിഡിനെ തുടര്‍ന്ന് നിലച്ചു പോയ ഓട്ടോ സര്‍വീസ് പുനരാരംഭിച്ചത് കഴിഞ്ഞമാസമായിരുന്നു. രാത്രിയും പകലുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തുകയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. സുരക്ഷിത യാത്രയെന്ന നിലയിലും യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായിരുന്നു സര്‍വീസ്. ഏറെ പ്രതീക്ഷയോടെ പുനരാരംഭിച്ച പ്രീപെയ്ഡ് കൗണ്ടറാണ് വീണ്ടുമടച്ചത്. ദൂരപരിധി നിശ്ചയിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓട്ടോത്തൊഴിലാളി രജീഷ് പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ട്രോമാ കെയറിനായിരുന്നു നടത്തിപ്പ് ചുമതല. എന്നാല്‍ ഇതിനെതിരെ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇവരെ ഒഴിവാക്കി. പകരം സംവിധാനമില്ലാതെ വന്നതോടെ ചുമതല വീണ്ടും ട്രോമാ കെയറിന് നല്‍കി. പ്രീ പെയ്ഡിലെ അപാകത പരിശോധിച്ച് ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.

പ്രീ പെയ്ഡ് ഓട്ടോ സര്‍വീസ് പുനരാരംഭിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. കോര്‍പ്പറേഷന്റ തീരുമാനങ്ങളെ മറികടക്കുന്ന ചില തീരുമാനങ്ങള്‍ പുറത്തു നിന്നുള്ള ചില ശക്തികള്‍ എടുക്കുന്നു. ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള ഏജന്‍സി പണിയാണ് പൊലീസും ആര്‍ടിഒയും സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. തര്‍ക്കം കോര്‍പ്പറേഷനും വകുപ്പുകളും തമ്മിലാണെങ്കിലും പ്രയാസം യാത്രക്കാര്‍ക്കാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന റെയില്‍വേ സ്റ്റേഷനില്‍ അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് പദ്ധതി നിലച്ചതെന്ന് വ്യക്തം.

Post a Comment

أحدث أقدم
Join Our Whats App Group