കണ്ണൂര്‍: കുടിയാന്‍മലയില്‍ കെഎസ്ഇബി ടവര്‍ നിര്‍മാണം തടഞ്ഞ് എംഎല്‍എയും സംഘവും. പ്രദേശത്തെ 400 കെവി ലൈന്‍ ടവറിന്റെ നിര്‍മാണമാണ് സജീവ് ജോസഫ് എംഎല്‍എം സംഘവും തടഞ്ഞത്. നഷ്ടപരിഹാര പാക്കേജില്‍ തീരുമാനമാകും മുമ്പ് നിര്‍മാണം തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സംഘമെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരോട് സജീവ് ജോസഫ് കയര്‍ത്ത് സംസാരിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
കുടിയാന്‍മല പൊട്ടന്‍പ്ലാവിലെ കര്‍ഷകന്റെ പറമ്പിലെ ടവര്‍ നിര്‍മാണമാണ് തടഞ്ഞത്. 400 കെവി ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര പാക്കേജില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ കെഎസ്ഇബി പ്രഖ്യാപിച്ച പാക്കേജ് സ്വീകാര്യമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരമാണ് ആവശ്യമെന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ജനപ്രതിനിധികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെഎസ്ഇബി കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ ഇന്ന് സ്ഥലത്തെത്തുകയായിരുന്നു. ഇക്കാര്യം അറിഞ്ഞാണ് എംഎല്‍എയും സംഘവും സ്ഥലത്തെത്തിയത്. നഷ്ടപരിഹാര പാക്കേജില്‍ തീരുമാനമാകുന്നത് വരെ സ്ഥലത്തേക്ക് കയറരുതെന്ന് ഉദ്യോഗസ്ഥരോട് സജീവ് ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ നിര്‍മാണപ്രവര്‍ത്തി നിര്‍ത്തി ഉദ്യോഗസ്ഥരും തൊഴിലാളികളും മടങ്ങുകയായിരുന്നു.
നേരത്തെ കാസര്‍ഗോഡ് ജില്ലയിലും കരിന്തളം- ഉഡുപ്പി 400 കെവി ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ വിളകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
إرسال تعليق