Join News @ Iritty Whats App Group

യുവതിയുടെ ചിത്രം വാട്‌സ് ആപ്പില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍


മൂന്നാര്‍ : ഇടുക്കി തങ്കഗണിയില്‍ യുവതിയുടെ ചിത്രം അശ്ലീലമായി മോര്‍ഫ് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച കേസില്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതിയായ കട്ടപ്പന നരിയമ്പാറ സ്വദേശി കണ്ണമ്പള്ളില്‍ വീട്ടില്‍ ജിയോ ജോര്‍ജ് ആണ് അറസ്റ്റിലായത്. തങ്കമണി പോലീസാണ് പ്രതിയെ പിടികൂടിയത്. കേസില്‍ ഒന്നും മൂന്നും പ്രതികളായ കട്ടപ്പന കറുകച്ചേരില്‍ ജെറിന്‍, ജെബിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ജെറിന് വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിനൊപ്പം അയക്കുകയും ചെയ്തത് ജിയോ ജോര്‍ജ്ജാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയോട് ഒന്നാം പ്രതിയ്ക്ക് ഉണ്ടായ വൈരാഗ്യമാണ് പ്രശന്ങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇരട്ടയാര്‍ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരില്‍ ഗ്യാസ് ഏജന്‍സി നടത്തുന്നവരാണ് ജെറിനും സഹോദരന്‍ ജെബിനും. ഇവിടുത്തെ ജീവനക്കാരിയായ യുവതിയുമായിട്ടുണ്ടായ പ്രശ്‌നങ്ങള്‍ ജെറിന് പ്രതികാരം ചെയ്യാന്‍ പ്രേരണയാകുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് തയ്യാറാക്കുക്യായിരുന്നു. ഇതിനു ശേഷം ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ 150 ഓളം പേരെ ചേര്‍ത്ത് വാട്‌സാപ്പ് കൂട്ടായ്മയുണ്ടാക്കി. ഇതില്‍ ജെറിന്‍ ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്ത ശേഷം ഗ്രൂപ്പ് റിമൂവ് ചെയ്തു. സാമൂഹ്യ മാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രില്‍ മാസത്തില്‍ തങ്കമണി പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിച്ചതെന്ന് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജെറിന്റെ തൊഴിലാളി ആണ് ഇയാളെന്ന് കണ്ടെത്തി.

തുടര്‍ന്ന് തങ്കമണി സി ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അസമിലെത്തി ഇയാളെ കണ്ടെത്തി. പണികുറവായതിനാല്‍ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിന്‍ തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ഇയാള്‍ മൊഴി നല്‍കി. പണം നല്‍കിയ ശേഷം സിംകാര്‍ഡ് ജെബിന്‍ വാങ്ങിയതായും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജെറിനെയും ജെബിനെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാനും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. കട്ടപ്പന കോടതിയെ സമീപിച്ച് തെളിവ് ശേഖരിക്കാന്‍ തെരച്ചില്‍ നടത്താനുള്ള വാറണ്ട് സമ്പാദിച്ചാണ് പോലീസ് ജെറിനെയും ജെബിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group