തിരുവനന്തപുരം: ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. ബ്രിട്ടീഷുകാരും ഇന്ത്യയെ മതത്തിന്‍റെ കണ്ണിൽ കണ്ടില്ല. പിന്നീട് കോൺഗ്രസ് സർവ്വ മത സമഭാവനയോടെ രാജ്യം ഭരിച്ചു. എന്നാൽ ബിജെപി മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിച്ചവെന്ന് ചെന്നിത്തല ആരോപിച്ചു.
അതേസമയം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകും. എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എം വി ഗോവിന്ദൻ എന്താ ജ്യോത്സ്യൻ ആണോയെന്നും ചെന്നിത്തല ചോദിച്ചു. ബിജെപിയുമായുള്ള ബന്ധം എന്ന് ആരോപണം കോൺഗ്രസിന്‍റെ തലയിൽ വയ്ക്കേണ്ട. തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം പുതിയ അടവുമായി എത്തിയിരിക്കുകയാണ്.
സിപിഐക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടു. പ്രചരണം നടത്തിയിട്ടില്ലെന്ന് സിപിഐ പറഞ്ഞു. അച്ചു ഉമ്മനെതിരെ വളരെ മോശമായ പരാമർശം നടത്തിയ ആളിന് സിപിഎം സംരക്ഷണം നൽകുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ സംഭവത്തിൽ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ കൂടുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആകില്ല.
കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗത്വത്തിൽ നിന്ന് തഴഞ്ഞതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ആരെന്നറിയാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.
إرسال تعليق