Join News @ Iritty Whats App Group

നിപ; മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു, രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

നിപ ബാധിച്ച് മരുതോങ്കരയിൽ ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധനക്കായി അയക്കും.

ഓഗസ്റ്റ് 22-നാണ് മരിച്ച മുഹമ്മദലി അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂർ കുടുംബ പരിപാടിയിൽ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തീയതി, മുള്ളാർക്കുന്ന് ബാങ്കിൽ രാവിലെ 11 മണിയോടെ കാറിൽ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദിൽ എത്തി. 26-ാം തീയതി രാവിലെ 11 – 1.30 ന് ഇടയിൽ ഡോ. ആസിഫ് അലി ക്ലിനിക്കിൽ. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്റ റഹ്മ ആശുപത്രി തൊട്ടിൽ പാലം. കാറിലായിരുന്നു ആശുപത്രിയിൽ എത്തിയത്. 29-ാംതീയതി പുലർച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലൻസിൽ എത്തിച്ചു.

അതേസമയം നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐസിഎംആറുമായി ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വിമാനമാർഗം ആന്റിബോഡി എത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

കണ്ടയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും പൊതുസമ്പർക്കം ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദേശീയ പാത, സംസ്ഥാന പാത എന്നിവഴി യാത്ര ചെയ്യുന്നവരം ഈ വഴി സഞ്ചരിക്കുന്ന ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താനോ വാഹനങ്ങളില്‍ നിന്ന് ഇറങ്ങാനോ അനുമതിയില്ല. ഇക്കാര്യങ്ങള്‍ പോലീസും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരൃം കര്‍ശനമായി ശ്രദ്ധിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

കേന്ദ്രവും കേരളത്തിലെ സാഹചര്യം നിരീക്ഷിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group