Join News @ Iritty Whats App Group

ബംഗളുരുവിൽ മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു


ബംഗളുരു: മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. കർണാടകത്തിലെ ബെലഗാവി ജില്ലയാണ് രേണുകയുടെ സ്വദേശം. കഴിഞ്ഞ മൂന്നരവർഷമായി ഇവർ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സർവീസ് അപ്പാർട്ട്മെന്‍റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.

ഇരുവരും തമ്മിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നതായി അയാൽവാസികൾ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്‍റെ നെഞ്ചിൽ കുട്ടിയത്. ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടൻതന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഹുളിമാവ് പൊലീസാണ് രേണുകയെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ജാവേദിന്‍റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

أحدث أقدم
Join Our Whats App Group