തൃശൂർ
വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ വക്താക്കളാണ്. ഈ ഭരണം ഇല്ലാതാക്കണമെന്നും അവർ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന വിദ്യാർഥിനി കൺവൻഷൻ തൃശൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിനെ മറികടക്കാനാണ് പ്രതിപക്ഷ പാർടികൾ ചേർന്ന് ‘ഇന്ത്യ’ എന്ന മതനിരപേക്ഷസഖ്യം രൂപീകരിച്ചിട്ടുള്ളത്. മതവാദികളെ ഭരണത്തിൽനിന്ന് ഇറക്കിവിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന രാഷ്ട്രീയ കാലഘട്ടത്തിൽ, പെൺകുട്ടികൾ കൂടുതൽ ഊർജസ്വലരായി മുൻനിരയിലേക്ക് വരണം. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനെതിരെ ആർദ്രമായ മനസ്സോടെ, പഠനത്തോടൊപ്പം, വിദ്യാർഥിനികളും ഉണ്ടാകണം.
പരിഷ്കാരത്തിന്റെ പേരുപറഞ്ഞ് പാഠപുസ്തകങ്ങളിൽപോലും മനുസ്മൃതി കുത്തിനിറയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കാണുന്ന മനുസ്മൃതിയിൽ ഊന്നിയുള്ള വിദ്യാഭ്യാസനയത്തിനെതിരെ ശാസ്ത്രബോധത്തിൽ ഊന്നിയുള്ള പോരാട്ടത്തിന് പൊതുസമൂഹം തയ്യാറാകണം. പൊതുസമൂഹത്തെ ആകെ പിടിച്ചുലയ്ക്കുന്ന മയക്കുമരുന്ന് വ്യാപനം പൂർണമായും ഇല്ലാതാക്കാൻ വിദ്യാർഥികൾ ക്യാമ്പസുകളിൽ അണിനിരക്കണമെന്നും ശൈലജ പറഞ്ഞു.
إرسال تعليق