Join News @ Iritty Whats App Group

വിഷ്ണുപ്രിയ കൊലക്കേസ്: വിചാരണ നാളെ തുടങ്ങും



പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ വ്യാഴാഴ്ച തലശ്ശേരി കോടതിയില്‍ വിചാരണ ആരംഭിക്കും.

തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷൻസ് കോടതിയില്‍ ഒക്ടോബര്‍ 11 വരെ വിചാരണ തുടരും. ജില്ലയില്‍ ഏറെ ഞെട്ടലുളവാക്കിയ കൊലയായിരുന്നു ഇത്. 

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തെളിവുകള്‍ നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ല ഗവ. പ്ലീഡര്‍ അഡ്വ. കെ. അജിത്ത് കുമാര്‍ കൊലപാതകം നടന്ന വീടും പ്രതി കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍, മറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച സ്ഥലവും അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സി.ഐ എം.പി. ആസാദിനൊപ്പം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുലയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍, വിഷ്ണു പ്രിയയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ 73 സാക്ഷികള്‍ മൊഴി നല്‍കാനെത്തുമെന്ന് പ്രതീക്ഷിക്കുന്ന കേസില്‍ കൊല നടന്ന് 90 ദിവസങ്ങള്‍ക്കകം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിനോദന്റെ മകളാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ (23). 2022 ഒക്ടോബര്‍ 22ന് ഉച്ചക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ വിഷ്ണുപ്രിയ കൊലചെയ്യപ്പെട്ടത്.

വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തായിരുന്ന കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെകളത്തില്‍ ശശിധരന്റെ മകൻ എ. ശ്യാംജിത്താണ് (25) കേസിലെ പ്രതി. സംഭവത്തിനു ശേഷം പിടിയിലായ ഇയാള്‍ ജയിലിലാണ്. സംഭവദിവസം രാവിലെ വിഷ്ണുപ്രിയയും കുടുംബവും മരിച്ച അടുത്ത ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. കുറച്ചു കഴിഞ്ഞ് വിഷ്ണുപ്രിയ മാത്രം തിരികെ സ്വന്തം വീട്ടിലെത്തി.

ഈ സമയം മറ്റൊരു ആണ്‍സുഹൃത്തായിരുന്ന പൊന്നാനി പനമ്ബാടിയിലെ വിപിൻ രാജുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കില്‍ എത്തിയ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുപ്രിയ. ബന്ധുവായ കല്യാണി നിലയത്തില്‍ കെ. വിജയന്റെ പരാതിയിലാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. ഇദ്ദേഹമാണ് കേസില്‍ ഒന്നാം സാക്ഷി.

Post a Comment

أحدث أقدم
Join Our Whats App Group