Join News @ Iritty Whats App Group

മധ്യപ്രദേശിലെ നോ നിപാ സർട്ടിഫിക്കറ്റ്: സർക്കുലർ പിൻവലിച്ച് ഇന്ദിര ഗാന്ധി സർവകലാശാല

ദില്ലി: മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് നോ നിപാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കികൊണ്ട് ഇന്ദിരാഗാന്ധി സർവകലാശാല പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ അധികൃതർ സംസാരിച്ചെന്നും വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും ഇന്ദിരാഗാന്ധി സർവകലാശാലയിലെ പ്രോക്ടർ അറിയിച്ചു.

നേരത്തെ മധ്യപ്രദേശിലെ നിപ്പാ നെഗറ്റീവ് സർട്ടിഫിക്കറ്റ് സർക്കുലർ പിൻവലിക്കണമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടനടി ഇടപണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു. എ എ റഹീം എംപിയും ടി എൻ പ്രതാപൻ എംപിയുമാകട്ടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഇന്ദിര ഗാന്ധി സർവകലാശാലക്കും വിഷയുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു.

ഇന്നലെയായിരുന്നു നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല മലയാളി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. ഇന്നലെയും ഇന്നുമായി സർവകലാശാലയിൽ യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തിൽ നിന്ന് എത്തിയ വിദ്യാർത്ഥികളോടാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group