പോലീസ് സ്റ്റേഷനുകളിൽ യൂണിഫോമും തൊപ്പിയും ഷൂസും സൂക്ഷിക്കുന്നതിന് വിലക്ക്. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് വരണമെന്ന് പുതിയ ഉത്തരവ്. സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
വിശ്രമമുറിയെന്ന പേരില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പകുതിയോളം മുറികള്‍ പൊലീസുകാര്‍ കയ്യടക്കി വെച്ചിട്ടുണ്ടെന്നും യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്കു കേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നുവെന്നും ആരോപിച്ചാണ് ഡിഐജിയുടെ പുതിയ ഉത്തരവ്. പലരും അടിവസ്ത്രം വരെ അലക്കിയിടുന്ന താമസകേന്ദ്രമാക്കി സ്റ്റേഷനുകളെ മാറ്റുന്നുവെന്നും ഡിഐജി കുറ്റപ്പെടുത്തിരുന്നു.
ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കുന്നതിനാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം. ഒരു സ്റ്റേഷനില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി രണ്ട് വിശ്രമകേന്ദ്രം മാത്രം മതി. ബാക്കിയുള്ളവ ഉടന്‍ മറ്റ് ആവശ്യത്തിനായി മാറ്റണമെന്നും നിര്‍ദേശിക്കുന്നു.
യൂണിഫോമും ഷൂസും തൊപ്പിയും സ്റ്റേഷനില്‍ സൂക്ഷിക്കരുത്. വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് വരുമ്പോള്‍ തന്നെ യൂണിഫോം ധരിച്ച് വരണം. അങ്ങനെ വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ യൂണിഫോം പൊതിഞ്ഞു കൊണ്ടുവന്നിട്ട് സ്റ്റേഷനിലെത്തിയ ശേഷം ധരിക്കാം, തിരിച്ചും യൂണിഫോം പൊതിഞ്ഞു കൊണ്ടുപോകണം എന്നാണ് നിർദേശം. ഈ ആഴ്ച തന്നെ ഇതെല്ലാം നടപ്പാക്കണമെന്ന നിർദേശവുമുണ്ട്.
അതേസമയം പൊലീസുകാരുടെ ജോലി സ്വഭാവം മനസിലാക്കാതെയുള്ള അപ്രായോഗിക ഉത്തരവാണെന്ന വിമര്‍ശനമാണ് സേനയില്‍ ഉയരുന്നത്. സമയവും കാലവും നോക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമമുറികള്‍ നല്‍കാത്തതും ദൂരസ്ഥലങ്ങളില്‍ നിന്ന് ബസിലും ട്രയിനിലും കയറി ജോലിക്ക് വരുമ്പോള്‍ യൂണിഫോം ധരിച്ചിരിക്കണമെന്നതും ബുദ്ധിമുട്ടാണെന്നാണ് ഉയരുന്ന വിമർശനം.
إرسال تعليق