ഇരിട്ടി: ആറളം ഫാമിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് അയൽവാസികളും ബന്ധുക്കളുമായ ദമ്പതികളെ ആറളം പൊലിസ് അറസ്റ്റ് ചെയ്തു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 കാളികേയത്തി ലെ താമസക്കാരനായ രഘു (31) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞ 22 ന് മരണമടഞ്ഞത്. രഘുവിൻ്റെ അയൽവാസിയും മാതൃസഹോദരിയുടെ മകനുമായ പ്രസാദ് (38), ഭാര്യ മോളി (34) എന്നിവരെയാണ് ഇതുമായി ബന്ധപ്പെട്ട് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ 4 ന് രാത്രി പത്തു മണിയോടെയാണ് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ രഘുവിനെ ഇരിട്ടിയിലും പിന്നീട് പരിയാരം കണ്ണൂർ മെഡി.കോളജിലും പ്രവേശിപ്പിച്ചത്. രഘു മദ്യപിച്ച് വീണ് പരുക്കേറ്റെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ സമീപവാസികളുടെ മൊഴി മറിച്ചായിരുന്നു.
അറസ്റ്റിലായ പ്രസാദും ഭാര്യ മോളിയും കൊല്ലപ്പെട്ട രഘുവും വീട്ടിൽ വെച്ച് മദ്യപിക്കുന്നനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇരുവരും ചേർന്ന് രഘുവിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലുപയോഗിച്ച് തലക്ക് ഇടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു രഘുവിന്റെ ശരീരം തളരുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്തു. ആഗസ്റ്റ് 22 ന് മരണമടയുകയും ചെയ്തു. തലയ്ക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൂടി ലഭിക്കുകയും പോലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്യുന്നതിനിടെ പ്രസാദും ഭാര്യ മോളിയും ഒളിവിൽ പോവുകയായിരുന്നു.
മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഉപയോഗിക്കാതെ ഒളിവിൽ പോയ പ്രതികളെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് ആറളം പൊലിസ് പിടികൂടിയത്.
ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിൽ എസ് ഐ റെജികുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ജയദേവ്, ശ്രീലേഷ്, നൗഷാദ്, ലിജേഷ്, തോമസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
إرسال تعليق