Join News @ Iritty Whats App Group

മൃതദേഹം കാണാതായവരുടേത് തന്നെ ; കുഴിച്ചുമൂടിയിരുന്നത് ഒന്നിന് മുകളില്‍ ഒന്നായി ; അഞ്ചടി താഴ്ചയുള്ള കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി


പാലക്കാട്: കരിങ്കരപ്പുളളിയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയിരുന്നത് ഒന്നിന് മുകളില്‍ ഒന്നായി. മൃതദേഹങ്ങള്‍ കാണാതായ ഷിജിത്, സതീഷ് എന്നിവരുടേതാണെന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചടി താഴ്ചയിലുള്ള കുഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മണ്ണില്‍ ചവിട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വയര്‍ കീറിയ നിലയിലായിരുന്നു. പാടത്ത് പന്നിക്ക് വേണ്ടി വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പന്നിക്കു വച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പന്നിശല്യം രൂക്ഷമായ പാടത്ത് താന്‍ പന്നിക്ക് വൈദ്യുതി കെണി വെച്ചിരുന്നതായും രാവിലെ എഴുന്നേറ്റപ്പോള്‍ പാടത്ത് രണ്ടു മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ട് ഭയന്ന് താന്‍ തന്നെ കുഴിച്ചിടുകയായിരുന്നു എന്നാണ് പോലീസിനോട് സ്ഥലമുടമ പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നാണ് യുവാക്കള്‍ പാടത്തേക്ക് ഓടിയത്. നാലുപേര്‍ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരില്‍ രണ്ടുപേരെ കാണാതാകുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവര്‍ക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടം പരിശോധിച്ചപ്പോള്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ഇരുട്ടു വീണതിനാല്‍ ഇന്നത്തേക്ക് തെരച്ചില്‍ മാറ്റി.

ഞായറാഴ്ച രാത്രി കരിങ്കരപ്പുളളിയ്ക്കടുത്ത വെനേലി ഭാഗത്തുണ്ടായ അടിപിടിയില്‍ സതീഷും ഷിജിത്തും കൂട്ടുകാരായ അഭിനു അജിത്തിനും എതിരേ പോലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ നാലുപേരും താല്‍ക്കാലികമായി മാറി നില്‍ക്കുന്നതിന്റെ ഭാഗമായി കരിങ്കരപ്പുള്ളിയിലുള്ള സതീഷിന്റെ ബന്ധുവീട്ടില്‍ എത്തി. ഇതിനിടെ ഇവിടെ പോലീസ് എത്തിയപ്പോള്‍ ഭയന്ന് യുവാക്കള്‍ ഈ വീട്ടില്‍ നിന്നും ഇറങ്ങി രണ്ടുവഴിക്ക് ഓടുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ വൈദ്യൂതി കെണിയില്‍ അകപ്പെട്ടു മരണമടഞ്ഞെന്നാണ് പ്രാഥമിക വിവരം.

ഓടിയവരില്‍ രണ്ടുപേരെ കാണാതായപ്പോള്‍ മറ്റു രണ്ടുപേര്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പരിസരത്ത് നടത്തിയ തെരച്ചിലിലാണ് മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group