Join News @ Iritty Whats App Group

അനുനയത്തിലും ഗവര്‍ണര്‍ക്ക്‌ പ്രീതിയില്ല , സമരവുമായി ഇടതുമുന്നണി

തിരുവനന്തപുരം: സര്‍ക്കാര്‍ അനുനയശ്രമങ്ങള്‍ തുടരുമ്പോഴും ബില്ലുകളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാതെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. നിയമസഭ കഴിഞ്ഞ ദിവസങ്ങളില്‍ പാസാക്കിയ ബില്ലുകളുടെ കാര്യത്തില്‍ ആശങ്ക. സര്‍ക്കാര്‍തലത്തില്‍ പരമാവധി അനുനയം പാലിക്കാനാണു തീരുമാനമെങ്കിലും ഗവര്‍ണര്‍ക്കെതിരേ സമരവുമായി എല്‍.ഡി.എഫ്‌.
ഈ മാസം 21ന്‌ എല്‍.ഡി.എഫ്‌. നേതാക്കള്‍ രാജ്‌ഭവന്‌ മുന്നില്‍ സത്യഗ്രഹം നടത്തും. കേരളത്തിനെതിരായ കേന്ദ്രനയങ്ങള്‍ക്കും ഗവര്‍ണര്‍ക്കുമെതിരേയാണു പ്രത്യക്ഷസമരം. എല്‍.ഡി.എഫ്‌. സംസ്‌ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നുവരെയാണ്‌ സത്യഗ്രഹം.
അടിയന്തര കാര്യങ്ങള്‍ അല്ലാതെ സര്‍ക്കാര്‍ തലത്തില്‍നിന്ന്‌ അയയ്‌ക്കുന്ന ഫയലുകളില്‍ അതിവേഗം നടപടികള്‍ വേണ്ടെന്ന നിലപാടിലാണു ഗവര്‍ണര്‍. മനുഷ്യാവകാശ കമ്മിഷന്‍ നിയമനം പോലും അനിശ്‌ചിതമായി നീളുകയാണ്‌. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി കേരള ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മണികുമാറിനെ തെരഞ്ഞെടുത്ത്‌ ഗവര്‍ണറെ അറിയിച്ചിട്ട്‌ മാസം ഒന്നാകാറായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിയമനത്തിനെതിരേ മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉള്‍പ്പെടെ പലരും ഗവര്‍ണറെ സമീപിച്ചെങ്കിലും സര്‍ക്കാരിനോടു വിശദീകരണം തേടാന്‍ പോലും അദ്ദേഹം തയാറായിട്ടില്ല. കഴിഞ്ഞ രണ്ടു നിയമസഭകളിലായി പാസാക്കിയ പല ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരവും നല്‍കിയിട്ടില്ല. ഇക്കുറി നിയമസഭ പാസാക്കിയ സുപ്രധാനമായ ബില്ലുകളുടെ കാര്യത്തിലും സര്‍ക്കാരിനും ഇടതുമുന്നണിക്കും ആശങ്കയുണ്ട്‌. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി, സഹകരണമേഖലയിലെ തട്ടിപ്പ്‌ തടയുന്നതിനായി കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സഹകരണ ഭേദഗതി നിയമത്തില്‍ അതിവേഗം ചട്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളുമായി സഹകരണവകുപ്പ്‌ നീങ്ങുന്നുണ്ടെങ്കിലും ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കാന്‍ വൈകിയാല്‍ എന്തുവേണമെന്ന ആശങ്ക വകുപ്പിലുണ്ട്‌.
സര്‍വകലാശാലകളിലെ ഭരണവുമായി ബന്ധപ്പെട്ട്‌ ആരംഭിച്ച പോര്‌ ഇപ്പോള്‍ സംസ്‌ഥാന ഭരണം തന്നെ സ്‌തംഭിപ്പിക്കുന്ന തരത്തിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌. ഇതു മനസിലാക്കി ഗവര്‍ണറുമായി ഒരു തുറന്നപോര്‌ ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരുന്നു. കോടതിയെ സമീപിക്കാനുള്ള നീക്കവും ഉപേക്ഷിച്ചിരുന്നു. എന്നിട്ടും ഗവര്‍ണര്‍ അയഞ്ഞിട്ടില്ല.
ബില്ലുകളിലും തീരുമാനങ്ങളിലും വിശദീകരണം തേടിയാല്‍ നിലപാടു വിശദീകരിക്കാന്‍ സര്‍ക്കാരിനു കഴിയും. ബില്ലുകള്‍ മടക്കിയാല്‍ വീണ്ടും ഗവര്‍ണര്‍ക്ക്‌ അയച്ച്‌ അംഗീകരിപ്പിക്കാനും സര്‍ക്കാരിനാകും. എന്നാല്‍, ബില്ലുകളുടെ കാര്യത്തില്‍ പ്രതികരിക്കാതിരിക്കുക എന്ന നയം തുടരുന്നതാണു സര്‍ക്കാരിനെ വലയ്‌ക്കുന്നത്‌. പുനെയിലായിരുന്ന ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ കഴിഞ്ഞ ദിവസം തലസ്‌ഥാനത്തെത്തിയിട്ടുണ്ട്‌.

'ഗവര്‍ണര്‍ സമീപനം തിരുത്തണം'

ഗവര്‍ണര്‍ സംസ്‌ഥാനത്തിനെതിരേ നിഷേധ സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നില്ല. ഒപ്പിടാത്ത പക്ഷം തിരിച്ചയയ്‌ക്കുകയോ രാഷ്‌ട്രപതിക്ക്‌ അയയ്‌ക്കുകയോ ചെയ്യാമെങ്കിലും അതും ചെയ്യാതെ ഫയല്‍ അനന്തമായി പിടിച്ചുവച്ചിരിക്കുകയാണ്‌. ഇത്‌ ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന്റെ അന്തഃസത്തയ്‌ക്ക്‌ കടകവിരുദ്ധവുമാണ്‌.
കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളില്‍നിന്നും പിന്‍മാറുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ്‌ 21ന്‌ നടക്കുന്ന രാജ്‌ഭവനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്‌.

Post a Comment

أحدث أقدم
Join Our Whats App Group