Join News @ Iritty Whats App Group

സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധി വര്‍ദ്ധിപ്പിക്കണം; വിഷയത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം

സംവരണ വിഭാഗങ്ങള്‍ക്കുള്ള പ്രായ പരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ  പ്രായ പരിധി കൂട്ടണമെന്നാണ് ഹൈദരാബാദില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് എതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായാണ് ഇന്ത്യ സഖ്യം സംവരണ വിഷയത്തെ കാണുന്നത്.

ഡല്‍ഹയില്‍ സെപ്റ്റംബര്‍ 13ന് ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗത്തില്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിവരുകയാണ്. രാജ്യ വ്യാപകമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യ ജാതി സെന്‍സസിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

14 പോയിന്റുകളുള്ള പ്രമേയത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജാതീയത, വര്‍ഗീയത, പ്രാദേശികവാദം എന്നിവയ്ക്കെതിരെ 10 വര്‍ഷത്തെ മൊറട്ടോറിയത്തെ കുറിച്ചും പരാമര്‍ശമുണ്ടായി. മൂന്ന് വിഷയങ്ങളും കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയാണ് രൂക്ഷമായത്. അതിന് ബിജെപിയോട് നന്ദി അറിയിക്കുന്നതായി യോഗം വ്യംഗ്യ രൂപേണ പറഞ്ഞു. ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്വേഷ പ്രസംഗം എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതായും യോഗം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആശയമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി. ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, രാജ്യത്തിന് വലിയ വെല്ലുവിളിയായ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ ഭീഷണികള്‍ എന്നിങ്ങനെ വിഭജിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group