ഇരിട്ടി: ആറളം ഫാമിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആദിവാസിയുവാവ് രഘു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറളം ഫാം ഒൻപതാം ബ്ലോക്ക് കാളികയത്തെ മുഹമ്മദ് റാഫി എന്ന റഫീക്കിനെ (28) യാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ 4 ന് രാത്രി നടന്ന സംഭവത്തിൽ രഘുവിന്റെ മാതൃ സഹോദരിയുടെ മകൻ പ്രസാദ് , ഭാര്യ മോളി എന്നിവർ സെപ്തംബർ 2 ന് ആറളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഫാം പുനരധിവാസ മേഖലയിൽ രഘുവിന്റെ അയൽവാസികളാണ്.
പ്രതികളായ പ്രസാദും ഭാര്യ മോളിയും മുഹമ്മദ് റാഫിയും വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ പ്രസാദും മോളിയും ചേർന്ന് രഘുവിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേർന്ന് സമീപത്തെ റോഡിൽ കിടത്തി. രാത്രി 10 മണിയോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ രഘു അബോധാവസ്ഥ യിലായിരുന്നു. പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.
ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആഗസ്റ്റ് 22 ന് മരണമടയുകയും ചെയ്തു. ആദ്യം മദ്യപിച്ചു വീണ് പരിക്കേറ്റതായിരുന്നെന്ന നിഗമനത്തിലായിരുന്നു പോലീസ്. രഘുവിന് മർദ്ദനമേറ്റിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പ്രകാരം നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്. പ്രസാദും മോളിയും അറസ്റ്റിലായതിനു ശേഷം ലഭിച്ച ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റാഫിയുടെ പങ്കും വെളിവാകുന്നത്.
മലപ്പുറം സ്വദേശിയായ മുഹമ്മദ് റാഫി ഫാമിലെ യുവതിയെ വിവാഹം ചെയ്തതിനെ തുടർന്നാണ് ഫാമിൽ സ്ഥിരതാമസമാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
إرسال تعليق