തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനിനെതിരായ ജാതി വിവേചനത്തിന്റെ വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരാൾക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മന്ത്രി കാര്യം രഹസ്യമായി വെക്കാതെ അപ്പോൾ തന്നെ നടപടി എടുക്കേണ്ടതായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രി ക്ഷേത്രമേതെന്ന് വെളിപ്പെടുത്തി നടപടിയെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം സോളാർ ഗൂഢാലോചന കേസിൽ യുഡിഎഫിൽ ഒരാശയക്കുഴപ്പവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികളുടെ അന്വേഷണം വേണ്ടെന്നും മറ്റ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹമ വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാംപ്രതിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നെന്നും സമരം ചെയ്യുന്നവരിൽ നിന്ന് കാശ് പിരിക്കുന്നത് ഇതിനാണെന്നും ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസമെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ ഭയമുള്ളതുകൊണ്ടാണ് ഇതെന്നും പ്രക്ഷോഭങ്ങൾക്ക് പണം അടക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രോ വാസുവിന്റെ വായ പോലീസിനെ കൊണ്ട് പൊത്തിപ്പിടിപ്പിച്ചവരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഉത്തരവിറക്കാൻ സർക്കാരിന് നാണമില്ലെയെന്നും ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിന് ചേർന്ന കാര്യമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ഇത് പിടിച്ചുപറിയാണെന്നും ഒരു പണവും അടക്കില്ലെന്നും പറ്റിയാൽ കേസെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നതെന്നും സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകിയെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
إرسال تعليق