Join News @ Iritty Whats App Group

പേര് മാറ്റം പ്രചാരണം മാത്രം; പ്രതിപക്ഷം അഭ്യൂഹം പരത്തുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ദില്ലി: ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷം അഭ്യൂഹം പരത്തുന്നു എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അതേ സമയം ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും 'ഭാരത്' എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ് സർക്കാരിന്റേത്. 

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന ഇന്നലെയാണ് പുറത്തു വന്നത്. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തി. 

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.

ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണകത്തുകൾ മാറ്റിയെഴുതി. ജി 20 ഉച്ചകോടിയുടെ വിരുന്നിനുൾപ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് പരാമർശിച്ചിരിക്കുന്നത്. സാധാരണ ഹിന്ദിയിൽ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേർക്കുന്നതോടെ ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രസിഡൻ്റ് ഓഫ് ഇന്ത്യ എന്നതുൾപ്പടെയുള്ള പദവികൾ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധരുടെ നിലപാട്.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആഞ്ഞടിച്ചു. ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോട് കൂറെന്ന് ഇതിലൂടെ വ്യക്തമാകുന്നു എന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ഓഫ് ഭാരതിലൂടെ രാജ്യം അമൃതകാലത്തിലേക്ക് കടക്കുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കുറിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് പിന്നാലെ മറ്റൊരു വിവാദ വിഷയം കൂടി കൊണ്ട് വന്ന് തെരഞ്ഞെടുപ്പിന് മുമ്പുള്ള അജണ്ട മാറ്റി നിശ്ചയിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group