Join News @ Iritty Whats App Group

മരിച്ചയാളുമായി അടുത്തിടപഴകിയ ആൾ അടക്കം 61 പേരുടെ ഫലം കൂടി നെഗറ്റീവ്; കോഴിക്കോട് നിപ ഭീതി ഒഴിയുന്നു



കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ആൾ അടക്കം 61 പേരുടെ ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ ഇരുന്നൂറോളം സാമ്പിളുകളുടെ പരിശോധന നെഗറ്റീവ് ആയി. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘത്തിന് തൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. 

നിപ ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. പ്രതീക്ഷാ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. 

1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സെക്കന്ററി തലത്തിലേക്ക് നിപ വ്യാപനം പോകുന്നില്ല എന്നത് ആശ്വാസകരമാണ്. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. നിപ പോസിറ്റീവ് ആയ വ്യക്തികൾ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐസിഎംആർ അറിയിച്ചിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നിപ ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങ്ങിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ് ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചു. ഇടത് സർക്കാരിന്‍റെ ജനകീയ പൊലീസ് നയം കോഴിക്കോട് കണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group