ഇരിട്ടി: പ്രത്യേക നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ കർഷകരുടെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കർമ്മ സമതി ശക്തമയ നിലപാട് എടുത്തതിനെത്തുടർന്ന് തടസ്സപ്പെട്ട കരിന്തളം - വയനാട് 400 കെ വി ലൈൻ വലിക്കൽ പ്രവർത്തിയിലെ പ്രതി സന്ധി പരിഹരിക്കുന്നതിന് ശ്രമം ആരംഭിച്ചു. പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് നഷ്ട പരിഹാരത്തിനുള്ള ശ്രമം ഊർജിതമാക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തു നിന്നും ആരംഭിച്ചത്.
കർമ്മ സമിതി ഭാരവാഹികളും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം എൽ എമാരും വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കർമ്മ സമിതി ഭാരവാഹികൾ മുന്നോട്ടു വെച്ച് പ്രശ്‌നം പഠിച്ച് പ്രത്യേക നഷ്ടപരിഹാര പാക്കേജിന് ഒരാഴ്ച്ചക്കുള്ളിൽ രൂപം നൽകാൻ നിർദ്ദേശിച്ചിരുന്നു. വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനീയർ തലത്തിൽ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കാൻ ജില്ലാ കലക്ടർ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ജനപ്രതിനിധികളിൽ നിന്നും കർമ്മ സമതി ഭാരവാഹികളിൽ നിന്നും നിർദ്ദേശം സ്വീകരിച്ചു തുടങ്ങി.
പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ നിയോജക മണ്ഡലം തലത്തിൽ രൂപപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം എൽ എൽ എമാരയ സണ്ണിജോസഫും സജീവ് ജോസഫും നേരിട്ടും തളിപ്പറമ്പ്, പയ്യന്നൂർ എം എൽ എ മാരുടെ പ്രതിനിധികൾ ഓൺ ലൈനായും പങ്കെടുത്തു.
ഇടമൺ കൊച്ചി, മാടക്കത്തറ ഭാഗങ്ങളിൽ ഹൈടെക് ലൈൻ വലിക്കുന്നതിന് കെ എസ് ഇ ബി നടപ്പിലാക്കിയ പാക്കേജ് കരിന്തളം - വയനാട് പദ്ധതിക്കും ബാധകമാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം ലഭിക്കും. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ രണ്ടര സെന്റ് പ്രകാരം ന്യായ വില കണക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ഇത് കർമ്മ സമതി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും സ്വീകാര്യമായില്ല. ലൈൻ ഉയരം അനുസരിച്ച് നഷ്ടപരിഹാരത്തിൽ ഏറ്റകുറച്ചലുകൾ വരുത്താനുള്ള നിർദ്ദേശവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ വിളകൾക്കുണ്ടാകുന്ന നഷ്ടം പ്രത്യേകമായും കണക്കാക്കും. കൂടുതൽ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച്ച ഇരിട്ടിയിൽ ജനപ്രതിനിധികൾ, കർമ്മ സമതി ഭാരവാഹികൾ, തഹസിൽദാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق