Join News @ Iritty Whats App Group

കോഴിക്കോട് കോര്‍പ്പറേഷന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംശയങ്ങള്‍ക്കായി 8848972904 എന്ന നമ്പറില്‍ ബന്ധപ്പെടാം..


കോഴിക്കോട് : കോഴിക്കോട് ആദ്യം മരിച്ചയാള്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ പരിശോധനയക്കയച്ച 30 ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്.

ഇതിനിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ, സംസ്ഥാനത്ത് നിപ ബാധയിലെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. അതേസമയം, മലപ്പുറം ജില്ലയിലെ നിപ ആശങ്ക തൽക്കാലം ഒഴിഞ്ഞു. മഞ്ചേരിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവ് ആണ്.

ആദ്യം മരിച്ച വ്യക്തിയുമായി മറ്റ് ജില്ലകളിലുള്ളവര്‍ക്കും സമ്പര്‍ക്കം ഉണ്ട്. മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലികളിലായി 29 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും ഉണ്ടാവുക . പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരാഴ്ച അവധി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള 39 വയസ്സുള്ളയാള്‍ക്കാണ് ഏറ്റവും ഒടുവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ചെറുവണ്ണൂർ കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. 1080 പേർ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ട്. അതേസമയം കോഴിക്കോട് കോര്‍പ്പറേഷന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംശയങ്ങള്‍ക്കായി 8848972904 എന്ന നമ്പറില്‍ ബന്ധപ്പെടാം

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group